സ്വന്തം ലേഖകന്‍
കോഴിക്കോട്: അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പു നേരിടുന്നതിനു സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിനു ലക്ഷ്യമിട്ട് കെപിസിസിയുടെ ദ്വിദിന ചിന്തന്‍ ശിബിരത്തിനു നാളെ കോഴിക്കോട്ട് തുടക്കമാവും.
തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിനുള്ള പദ്ധതികളുടെ കലണ്ടര്‍ ചിന്തന്‍ ശിബിരത്തില്‍ തയാറാക്കാനാണ് സാധ്യത. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തെ വിജയം ആവര്‍ത്തിക്കാന്‍ കഴിയുന്ന സാഹചര്യം നിലവിലില്ലെന്ന വിലയിരുത്തലിലാണ് നേതൃത്വം.
2009-ന് ശേഷം തുടര്‍ച്ചയായി ജയിച്ചുപോരുന്ന മണ്ഡലങ്ങള്‍ക്കൊപ്പം അട്ടിമറി വിജയം നേടിയ ആറ്റിങ്ങല്‍ , ആലത്തൂര്‍, പാലക്കാട്, കാസര്‍ഗോഡ് സീറ്റുകള്‍ നിലനിര്‍ത്തുകയെന്നതും പാര്‍ട്ടിക്ക് മുന്നിലുള്ളവെല്ലുവിളിയാണ്.
ഇതിനായി മാസ്റ്റര്‍ പ്ളാന്‍ തയ്യാറാക്കും.കഴിഞ്ഞ മൂന്ന് തവണയും ജയിച്ച തിരുവനന്തപുരം, മാവേലിക്കര, എറണാകുളം, കോഴിക്കോട്, വടകര, വയനാട് എന്നിവയും ഇടവേളയ്ക്ക് ശേഷം പിടിച്ചെടുത്ത ഇടുക്കി, ചാലക്കുടി, തൃശൂര്‍, കണ്ണൂര്‍ മണ്ഡലങ്ങളും നിലനിര്‍ത്താന്‍ പാര്‍ട്ടിയെ കൂടുതല്‍ ശക്തമാക്കേണ്ടതുണ്ട്.
ആലപ്പുഴ തിരിച്ചുപിടിക്കാൻ
കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തിന് നഷ്ടപ്പെട്ട ആലപ്പുഴ തിരിച്ചുപിടിക്കാനും തന്ത്രങ്ങള്‍ ആവിഷ്കരിക്കും. ഘടകകക്ഷികള്‍ മത്സരിക്കുന്ന സീറ്റുകള്‍ നഷ്ടപ്പെടാതെ നോക്കേണ്ടതിന്റെ പ്രധാന ഉത്തരവാദിത്വവും കോണ്‍ഗ്രസിനാണ്.
മുസ്ലിംലീഗിന്റെ മണ്ഡലങ്ങളായ മലപ്പുറവും പൊന്നാനിയും ഭദ്രമാണെങ്കിലും കഴിഞ്ഞ തവണത്തെ ഈസി വാക്കോവര്‍ പ്രതീക്ഷിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നുണ്ട്.
മികച്ച വിജയം നേടിയെങ്കിലും കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി മാറ്റത്തോടെ എല്‍ഡിഎഫിന്റെ അക്കൗണ്ടിലായ കോട്ടയം പിടിച്ചെടുക്കുകയെന്നതും കോണ്‍ഗ്രസിന് അഭിമാന പ്രശ്നമാണ്.
എൻ.കെ. പ്രേമചന്ദ്രന് വിജയിച്ച കൊല്ലം മണ്ഡലം നിലനിര്‍ത്തലും എളുപ്പമല്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് നേതാക്കളിലും പ്രവര്‍ത്തകരിലുമുണ്ടായ നിരാശ നീക്കി ഉണര്‍വുണ്ടാക്കാന്‍ പുതിയ നേതൃത്വത്തിന് കഴിഞ്ഞിട്ടുണ്ടെന്നാണ് പൊതുവേ വിലയിരുത്തല്‍.
തൃക്കാക്കര ആവേശം
തൃക്കാക്കരയിലെ മികച്ച വിജയം നല്കിയ ആവേശം സര്‍ക്കാര്‍ വിരുദ്ധ സമരങ്ങളിലും പാര്‍ട്ടി പരിപാടികളിലും പ്രകടമാണ്.
എഐസിസി ജയ്പൂരില്‍ സംഘടിപ്പിച്ച മാതൃകയിലാണ് കോഴിക്കോട്ടും ചിന്തന്‍ ശിബിരം സംഘടിപ്പിച്ചിട്ടുള്ളത്. ബീച്ചിലെ ആസ്പിന്‍ കോര്‍ട്ട് യാര്‍ഡിലാണ് ചിന്തന്‍ ശിബിരം നടക്കുക.