മുണ്ടക്കയം: മലഞ്ചരക്ക് കട കുത്തിത്തുറന്നു ലക്ഷക്കണക്കിനു രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച സംഭവത്തിലെ അന്വേഷണം സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച്.
മോഷണം നടത്തിയ മുണ്ടക്കയം പുത്തൻചന്തയിലെ തോപ്പിൽ റബേഴ്സിലെ സിസിടിവി കാമറകളുടെ കേബിളുകൾ മുറിച്ചു നശിപ്പിക്കുകയും ദൃശ്യങ്ങൾ സൂക്ഷിക്കുന്ന ഡിവിആർ കവരുകയും ചെയ്തതോടെ റോഡിന്റെ എതിർവശത്തുള്ള കടയിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു പരിശോധിക്കുകയാണ്.
പൂഞ്ഞാർ – എരുമേലി സംസ്ഥാന പാതയോരത്ത് സ്ഥിതി ചെയ്യുന്ന കടയുടെ ഷട്ടർ പിക്കാസ് ഉപയോഗിച്ചാണ് കുത്തിത്തുറന്നിരിക്കുന്നത്.
രണ്ട് മേശവലിപ്പിലായി സൂക്ഷിച്ചിരുന്ന 85,000 രൂപയും ലക്ഷക്കണക്കിനു രൂപയുടെ മലഞ്ചരക്ക് സാധനങ്ങളും കവർന്നു. ഒട്ടുപാൽ, കുരുമുളക്, ജാതിക്ക, ജാതിപത്രി, കൊക്കോ എന്നിവയും മോഷ്ടിക്കപ്പെട്ടു. ഏകദേശം മൂന്നു ലക്ഷം രൂപയുടെ മലഞ്ചരക്ക് സാധനങ്ങൾ മോഷ്ടിക്കപ്പെട്ടതായാണ് പ്രാഥമിക കണക്ക്.
എതിർവശത്തുള്ള കടകളിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് എതെങ്കിലും വാഹനങ്ങൾ ഇവിടെ നിർത്തിയിട്ടുണ്ടോയെന്നാണു പോലീസ് ആദ്യം പരിശോധിക്കുന്നത്.
ഒന്നിലധികം പേരടങ്ങുന്ന മോഷണസംഘം പിക്ക്അപ്പ് വാനിലോ മറ്റു വാഹനങ്ങളിലോ എത്തി കടയിൽനിന്നു സാധനങ്ങൾ മോ്ഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം.
കട സ്ഥിതി ചെയ്യുന്ന റോഡിന്റെ ഇരുവശത്തുള്ള റോഡ് സൈഡിലുള്ള മറ്റു സിസിടിവി കാമറകളും പോലീസ് പരിശോധിക്കുന്നുണ്ട്.
പിക്ക്അപ്പ് വാൻ ഉൾപ്പെടെയുള്ള വാഹനത്തിൽ മലഞ്ചരക്ക് കയറ്റിക്കൊണ്ടു പോയിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനു വേണ്ടിയാണിത്.
സ്ഥലത്ത് പരിശോധനയ്ക്കെത്തിയ ഡോഗ് സ്ക്വാഡ് ഇടറോഡുകളിലുടെയാണു മണംപിടിച്ച് ഓടിയത്. ഈ സാഹചര്യത്തിൽ മോഷ്ടാക്കൾ നേരത്തെ എത്തി ഇവിടെ തന്പടിച്ചിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
കടയുടെ ഷട്ടർ കുത്തിത്തുറക്കാനുപയോഗിച്ചതെന്നു കരുതുന്ന പിക്കാസ് സമീപത്തുനിന്നു തന്നെ കണ്ടെത്തി.താഴ് അറുത്തു മാറ്റുവാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ സമീപത്തെ നിർമാണം നടക്കുന്ന കെട്ടിടത്തിൽ നിന്നെടുത്ത പിക്കാസ് ഉപയോഗിച്ചാണു കട കുത്തിത്തുറന്നെന്നാണ് പോലീസ് കരുതുന്നത്.