കൊച്ചി: മുന്‍മന്ത്രി കെ.ടി. ജലീലിനെതിരേ വീണ്ടും ഗൂരുതര ആരോപണങ്ങളുമായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്.
ജലീല്‍ യുഎഇ കോണ്‍സുല്‍ ജനറലുമായി നിരവധി തവണ അടച്ചിട്ട മുറിയില്‍ സംസാരിച്ചിരുന്നു. അറബ് ഭരണാധികാരികളെ സുഖിപ്പിക്കാനാണ് ജലീല്‍ ശ്രമിച്ചത്. ജലീല്‍ തന്നോട് ചാറ്റ് ചെയ്തത് സ്പേസ് പാര്‍ക്കിലെ ജീവനക്കാരിയായിരിക്കെയാണ്.
താനുമായുള്ള വ്യക്തിപരമായ ബന്ധം അദ്ദേഹം മുതലാക്കുകയായിരുന്നു. ഒരുപാട് ചോദ്യങ്ങള്‍ക്കു വരുംദിവസങ്ങളില്‍ ജലീല്‍ ഉത്തരം നല്‍കേണ്ടി വരും.
സ്വര്‍ണക്കടത്തിലും അതുമായി ബന്ധപ്പെട്ട കേസുകളിലും താന്‍ അദ്ദേഹത്തിന് ക്ലീന്‍ ചിറ്റ് നല്‍കിയെന്ന വാദം തെറ്റാണെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.
ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സ്വപ്ന കഴിഞ്ഞ ദിവസം സത്യവാങ്മൂലം സമര്‍പ്പിച്ചതിനു പിന്നാലെ സ്വര്‍ണക്കടത്ത് കേസില്‍ തനിക്കു പങ്കില്ലെന്ന് വ്യക്തമായെന്ന് ചൂണ്ടിക്കാട്ടി ജലീല്‍ രംഗത്തെത്തിയിരുന്നു. ഈ വാദത്തിനു മറുപടിയായാണ് സ്വപ്നയുടെ പ്രതികരണം.
മാധ്യമം ദിനപത്രം പൂട്ടിക്കണമെന്നാവശ്യപ്പെട്ട് ജലീല്‍ നിരന്തരം വിളിക്കാറുണ്ടായിരുന്നു. മാധ്യമത്തിനെതിരേ യുഎഇ അധികൃതര്‍ക്ക് നല്കിയ കത്തിന്റെ കാര്യത്തിനു വേണ്ടിയും വിളിച്ചിരുന്നു.
തുടന്നാണ് ജലീലിന്റെ കത്ത് കോണ്‍സുല്‍ ജനറലിന്റെ ഔദ്യോഗിക മെയിലില്‍നിന്ന് യുഎഇ പ്രസിഡന്റിന് അയച്ചുകൊടുത്തത്. എന്നാല്‍ സ്വര്‍ണക്കടത്തുകേസ് വന്നതോടെ പിന്നീട് ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു.
ജലീലിനെതിരായ തെളിവുകള്‍ നേരത്തെതന്നെ ഇഡിക്ക് നല്‍കിയതാണ്. ജലീലിനു പുറമേ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്, കാന്തപുരം അബൂബക്കര്‍ എന്നിവരുള്‍പ്പെടുന്ന വിവിഐപി സംഘവും പ്രോട്ടോകോള്‍ ലംഘിച്ചിട്ടുണ്ട്.
കോണ്‍സുല്‍ ജനറലിന്റെ ഓഫീസ് ഉപയോഗിച്ച് സ്യൂട്ട്കേസ് തിരുവനന്തപുരത്തെത്തിച്ചു. അവിടെനിന്ന് കാന്തപുരത്തിനു വേണ്ടി കോഴിക്കോട്ടേക്കും. ഇതിനായുള്ള പോലീസ് എസ്കോര്‍ട്ടിനു വേണ്ടി എഡിജിപി, ശിവശങ്കര്‍, മുഖ്യമന്ത്രിയുടെ ഓഫീസ് എന്നിവിടങ്ങളില്‍ ആവശ്യപ്പെട്ടിരുന്നതായും സ്വപ്ന ആരോപിച്ചു.
മുഖ്യമന്ത്രി അടക്കമുള്ളവരുടെ പ്രോട്ടോകോള്‍ ലംഘനത്തിന്റെ തെളിവുകള്‍ ശേഖരിക്കുകയാണ്. തന്റെ ഫോണില്‍ ഉണ്ടായിരുന്ന വിവരങ്ങള്‍ അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിലായി അന്വേഷണ ഏജന്‍സികള്‍ നശിപ്പിച്ചു.
ഇവ ശേഖരിക്കാനുള്ള ശ്രമത്തിലാണ്. എന്‍ഐഎ ആണ് എന്റെ എല്ലാ തെളിവുകളും പിടിച്ചെടുത്തിട്ടുള്ളത്. അവര്‍ ഒരുപാട് തെളിവുകള്‍ നശിപ്പിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ലഭിച്ച തെളിവുകളെല്ലാം ഇഡിക്ക് കൈമാറിയിട്ടുള്ളതായും സ്വപ്ന പറഞ്ഞു.