തലയോലപ്പറന്പ്: കഞ്ചാവ് ഗുണ്ടാ മാഫിയകളുടെ ആക്രമണത്തിനിരയായ ഡിവൈഎഫ്ഐ പ്രവർത്തകനെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ആക്രമികളുടെ വിവരങ്ങൾക്കായി പോലീസ് സംഭവം നടന്ന പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കും.
ഡിവൈഎഫ്ഐ ചെന്പ് മേഖല ട്രഷററും പികെഎസ് മേഖല സെക്രട്ടറിയുമായ മിഥുൻ ജിത്തിനെയാണ് കഞ്ചാവ് മാഫിയ സംഘം ഇരുന്പു ദണ്ഡിന് തലക്കടിച്ച് പരിക്കേൽപ്പിച്ചത്.
ഇന്നലെ വൈകുന്നേരം ഏഴോടെ മറവൻതുരുത്ത് പഞ്ഞിപ്പാലത്ത് സിനിമ ലോക്കേഷനിൽ ബ്യൂട്ടീഷൻ ജോലി കഴിഞ്ഞ് ഇറങ്ങുന്പോഴായിരുന്നു സംഭവം.
ബൈക്കിലെത്തിയ അഞ്ചംഗ സംഘം ഇരുന്പു ദണ്ഡും ഹെൽമെറ്റും പട്ടിക കഷണങ്ങളും ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു.
ഉദയനാപുരം കൊടുപ്പാടം മേഖലയിലെ കഞ്ചാവ് സംഘത്തിനെതിരെ പ്രതികരിച്ചതിനാലാണ് മിഥുൻ ജിത്തിന് നേർക്ക് വധശ്രമമുണ്ടായതെന്ന് പറയപ്പെടുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മിഥുൻ ജിത്തിനെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷ നല്കിയ ശേഷമാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.
അക്രമികളെ ഏത്രയും പെട്ടെന്ന് അറസ്റ്റു ചെയ്യണമെന്നും പ്രദേശത്തെ കഞ്ചാവ് ഗുണ്ടാ സംഘങ്ങളെ അമർച്ച ചെയ്യുന്നതിനുള്ള നടപടികൾ അധികൃതർ കൈകൊള്ളണമെന്നും ഡിവൈഎഫ്ഐ തലയോലപ്പറന്പ് ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.