കോഴിക്കോട്: വാഹനാപകടത്തിന്റെ പേരില്‍ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തിൽ പോലീസിനു വീഴ്ച പറ്റിയതായി പ്രാഥമിക നിഗമനം.
സംഭവസ്ഥലത്തിനിന്ന് ലഭിച്ച വിവരങ്ങളും സജീവന്റെ സുഹൃത്തിന്റെ മൊഴിയുമെല്ലാം പോലീസിന്റെ വീഴ്ചയാണ് സൂചിപ്പിക്കന്നത്.
സസ്പെന്‍ഷനിലായ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യും. വടകര പോലീസ് സ്റ്റേഷനിലെ എസ്ഐ നിജീഷ്, എഎസ്ഐ അരുണ്‍ , സിപിഒ ഗണേഷ് എന്നിവരെയാണ് അനേഷണ വിധേയമായി കണ്ണൂര്‍ റേഞ്ച് ഡിഐജി രാഹുല്‍ ആര് . നായര്‍ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നത്.
ഇവരുടെ മൂന്നുപേരുടെയും പങ്ക് കണ്ടെത്തുന്നതിനാണ് ചോദ്യം ചെയ്യുന്നത്.വടകര കല്ലേരി സ്വദേശി താഴെ കൊയിലോത്ത് സജീവനാണ് (42) കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയില്‍ മരിച്ചത്. പോലിസ് മര്‍ദനമേറ്റാണ് സജീവന് മരിച്ചതെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പോലീസിനു പരാതി നല്‍കിയിട്ടുണ്ട്.
സജീവന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. ഇന്നു കിട്ടുമെന്നാണ് പ്രതീക്ഷ. പോലീസിന്റെ മര്‍ദനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഇതില്‍ നിന്ന് ലഭിക്കും.
അതിനുശേഷമായിരിക്കും തുടര്‍ നടപടികള്‍ ഉണ്ടാവുക. പോലീസ് ഉദ്യോഗസ്ഥര്ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷമായിരിക്കും തീരുമാനിക്കുക.
സജീവനും രണ്ട് സുഹൃത്തുക്കളും സഞ്ചരിച്ച വാഹനം മറ്റൊരു കാറുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്നായിരുന്നു ഇവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നത്. എന്നാല്‍ മദ്യപിച്ചെന്ന പേരില്‍ സജീവനെ എസ്ഐ മര്‍ദിക്കുകയായിരുന്നുവെന്നാണ് ആരോപണം.
സ്റ്റേഷന് മുന്നില്‍ കുഴഞ്ഞു വീണ ഇയാളെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വാഹനങ്ങള്‍ കൂട്ടിയിടിച്ചതുമായി ബന്ധപ്പെട്ട് സജീവനും സുഹൃത്തുക്കളും മറ്റേ വാഹനത്തിലുള്ളവരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു.
തുടര്‍ന്നാണ് പോലീസ് ഇവരെ സ്റ്റേഷനിലേക്ക് മാറ്റിയത്. എസ്.ഐ നിജീഷിന്റെ നേതൃത്വത്തില്‍ പോലിസ് മര്‍ദിക്കുകയായിരുന്നു.
ഇതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട സജീവന് ആശുപത്രിയിലേക്ക് പോകണമെന്ന് പറഞ്ഞെങ്കിലും ഗ്യാസിന്റെ പ്രശ്നമാണെന്ന് പറഞ്ഞ് സ്റ്റേഷനില്‍ നിര്‍ത്തുകയായിരുന്നു.
തുടര്‍ന്ന് കുഴഞ്ഞു വീണ ഇയാളെ ഓട്ടോ ഡ്രൈവര്‍മാരുടെ നേതൃത്വത്തില്‍ ആംബുലന്‍സ് എത്തിച്ച് വടകര സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സജീവന് മരിച്ച സംഭവം ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്. ഡിവൈഎസ്പി ആര്.ഹരിദാസിനാണ് അന്വേഷണ ചുമതല. ഉത്തരമേഖല ഡിഐജി രാഹുല്‍ ആര്. നായര്‍, ഐജി വിക്രം എന്നിവര്‍ വടകരയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്.
പാവപ്പെട്ട കുടുംബാംഗമാണ് മരിച്ച സജീവന്. അമ്മ ജാനുവിനും സഹോദരി നാരായണിക്കും ഏക ആശ്രയമായിരുന്നു സജീവന്.
നിത്യരോഗികളായ ഇരുവര്‍ക്കും മരുന്നടക്കമുള്ള എല്ലാ സാധനങ്ങളും നല്‍കിയത് സജീവന് ജോലിക്ക് പോയാണ്. സ്വന്തം വീട് ഇടിഞ്ഞുപൊളിഞ്ഞു വീഴാനായതിനെത്തുടര്ന്ന് അമ്മയുടെ ജ്യേഷ്ഠത്തിയുടെ വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. നല്ലൊരു വോളിബോള്‍ കളിക്കാരന് കൂടിയായിരുന്നു സജീവന്.