കണ്ണൂർ: മർദനമേറ്റവർക്കൊപ്പം ആശുപത്രിയിൽ എത്തിയ ആർഎസ്എസ് പ്രവർത്തകൻ മരിച്ചു. പിണറായി സ്റ്റേഷൻ പരിധിയിലെ എരുവട്ടിയിലെ പുതിയ വീട്ടിൽ ജിംനേഷ് (30) ആണ് മരിച്ചത്.
സിപിഎം പ്രവർത്തകരുടെ മർദനമേറ്റാണ് ജിംനേഷ് മരിച്ചതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ് ആരോപിച്ചു.
എന്നാൽ, പരിക്കേറ്റവർക്കൊപ്പം ആശുപത്രിയിൽ എത്തിയ ജിംനേഷ് കുഴഞ്ഞു വീണാണ് മരിച്ചതെന്ന് പിണറായി പോലീസ് അറിയിച്ചു.
ഇന്നലെ വൈകുന്നേരം പ്രദേശത്ത് സിപിഎം – ആർഎസ്എസ് പ്രവർത്തകർ തമ്മിൽ സംഘർഷാവസ്ഥ ഉണ്ടായിരുന്നു. അക്രമത്തിൽ സിപിഎം പ്രവർത്തകരായ രംനേഷ്, നിവേദ് എന്നിവർക്കും ആർഎസ്എസ് പ്രവർത്തകരായ ആദർശ് മുരളി, വിഷ്ണു, കെ.പി.ആദർശ് എന്നിവർക്കും പരിക്കേറ്റിരുന്നു.
മരിച്ച ജിംനേഷിന്റെ സഹോദരനാണ് അക്രമത്തിൽ പരിക്കേറ്റ വിഷ്ണു. ഇവർക്കൊപ്പം ആശുപത്രിയിൽ എത്തിയ ജിംനേഷിന് നെഞ്ചുവേദന അനുഭവപ്പെടുകയും പുലർച്ചെ രണ്ടോടെ മരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
അതേസമയം, ജിംനേഷിന് മർദ്ദനമേറ്റതാണ് മരണത്തിന് ഇടയാക്കിയതെന്ന് ബിജെപി നേതൃത്വം പറയുന്നു. ജിംനേഷിന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികളിലേക്കായി തലശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.