കൊച്ചി: ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കണമെന്ന ആവശ്യവുമായി തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ യോഗം ഇന്നു കൊച്ചിയില്‍ നടക്കും.
തീയറ്റര്‍ റിലീസ് കഴിഞ്ഞ് 42 ദിവസത്തിന് ശേഷം ഒടിടിക്ക് നല്കുന്ന സമയ പരിധി വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം യോഗത്തില്‍ ചര്‍ച്ച ചെയ്യും. തീയറ്റര്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ നിലവില്‍ 42 ദിവസം കഴിഞ്ഞാല്‍ ഒടിടിയില്‍ എത്തും.
ചില സിനിമകള്‍ കരാര്‍ ലംഘിച്ച് ഇതിലും കുറഞ്ഞ ദിവസങ്ങളില്‍ ഒടിടിക്ക് നല്കുന്ന സ്ഥിതിവിശേഷവും ഇന്നുണ്ട്. ഇത് തീയറ്റര്‍ ഉടമകള്‍ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
കെജിഎഫ്, വിക്രം തുടങ്ങി മികച്ച തീയറ്റര്‍ അനുഭവം നല്കുന്ന സിനിമകള്‍ക്ക് മാത്രമാണ് ആളുകള്‍ തീയറ്ററില്‍ വരുന്നത്.
ഇങ്ങനെപോയാല്‍ തീയറ്ററുകള്‍ അടച്ചു പൂട്ടേണ്ടി വരുമെന്നാണ് ഫിയോക്ക് ഭാരവാഹികള്‍ പറയുന്നത്. സിനിമകള്‍ ഒടിടിക്ക് നല്കുന്ന സമയപരിധി 56 ദിവസമാക്കണമെന്ന ആവശ്യം നേരത്തെ ഫിലിം ചേംബര്‍ പരിഗണിച്ചിരുന്നില്ല.
പാപ്പന്, തല്ലുമാല, സോളമന്റെ തേനീച്ചകള്‍, ഗോള്‍ഡ് തുടങ്ങി ഒരു പിടി പുതിയ ചിത്രങ്ങള്‍ വരാനിരിക്കേയാണ് ഫിയോക് കടുത്ത നടപടികളിലേക്ക് കടക്കുന്നത്.
അതേസമയം സംഘടനയുമായി സഹകരിക്കാത്ത താരങ്ങള്‍ക്കും നിര്മ്മാതാക്കള്ക്കുമെതിരേ നടപടി വേണമെന്ന ആവശ്യവും ഫിയോക്ക് മുന്നോട്ടു വയ്ക്കുന്നുണ്ട്.
ഇവരുമായി സഹകരിക്കേണ്ടതുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് യോഗത്തില്‍ തീരുമാനമുണ്ടാകും.
തീയറ്റര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഈയിടെ ഇറങ്ങിയ കുറി എന്ന ചിത്രത്തിന് ഫ്ളക്സി ചാര്‍ജ് നടപ്പാക്കിയിരുന്നു. ഇത് ഫലപ്രദമായില്ലെന്നും ഫളക്സി ചാര്‍ജിന് സര്‍ക്കാര്‍ പിന്തുണ വേണമെന്നുമാണ് സംഘടനയുടെ വിലയിരുത്തല്‍.