തിരുവനന്തപുരം: എകെജി സെന്ററിനു നേരെ സ്ഫോടകവസ്തു എറിഞ്ഞ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും അന്വേഷണ സംഘത്തിന്റെ കാര്യത്തിൽ തീരുമാനമായില്ല.
എകെജി സെന്ററിന് നേരെ ആക്രമണം നടന്നിട്ട് 26 ദിവസങ്ങൾ പിന്നിട്ടു. നാല് ദിവസം മുൻപാണ് അന്വേഷണം പോലീസിൽ നിന്നും മാറ്റി ക്രൈംബ്രാഞ്ചിന് നൽകി സർക്കാർ ഉത്തരവിറക്കിയത്.
എന്നാൽ അന്വേഷണ സംഘത്തലവന്റെ കാര്യത്തിലും ടീം അംഗങ്ങളുടെ കാര്യത്തിലും ഇതുവരെക്കും അന്തിമ തീരുമാനമായിട്ടില്ല.
സിപിഎം പാർട്ടി ആസ്ഥാനമായ എകെജി സെന്ററിന് നേരെ സ്കൂട്ടറിലെത്തിയ അക്രമി പടക്കമേറ് നടത്തിയ ശേഷം രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയിട്ടും അക്രമിയെയൊ വാഹനമൊ കണ്ടെ ത്താൻ പോലീസിന് കഴിഞ്ഞിരുന്നില്ല.
അതേ സമയം അക്രമിക്ക് സഹായം ചെയ്ത് കൊടുത്തെന്ന് ആരോപണം ഉയർന്നയാളെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്താൻ പോലീസ് തയാറാകാത്തത് സിപിഎമ്മിന്റെ കള്ളക്കളി വെളിച്ചത്ത് വരുമെന്നുള്ളതിനാലാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
പോലീസും സിപിഎമ്മും ചേർന്ന് അന്വേഷണം അട്ടിമറിക്കുകയും കേസ് അന്വേഷണം അവസാനിപ്പിക്കാൻ തീരുമാനിച്ചതുമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
ജനങ്ങളുടെ മുന്നിൽ മുഖം രക്ഷിക്കാനാണ് നിലവിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സർക്കാർ ഉത്തരവിറക്കിയതെന്നും എന്നാൽ യഥാർത്ഥ പ്രതികളെ പിടികൂടാൻ സിപിഎമ്മിന് താൽപര്യമില്ലെന്നും കോണ്ഗ്രസ് ആരോപിക്കുന്നു.
യഥാർത്ഥ പ്രതികളെ പിടിച്ചാൽ പാർട്ടി നേതൃത്വത്തിന്റെ ആക്രമണ നാടകം വ്യക്തമാകുമെന്നും അതിനാലാണ് അവർ ഉരുണ്ട ് കളിക്കുന്നതെന്നും പ്രതിപക്ഷം പറയുന്നു.
സിറ്റി പോലീസ് കമ്മീഷണറുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തിയിട്ടും അക്രമിയെ പിടികൂടാനും വാഹനം കണ്ടെ ത്താനും സാധിക്കാതിരുന്നത് പോലീസിന് നാണക്കേടായി മാറിയിരുന്നു. ഈ സാഹചര്യത്തിലാണ് ആഭ്യന്തരവകുപ്പ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.