ബിരിയാണിച്ചെമ്പ് വിവാദം ഒന്നു തണുത്തു നില്ക്കുമ്പോള് അടുത്ത ബിരിയാണി വിവാദവുമായി എസ്എഫ്ഐ.
ബിരിയാണി വാങ്ങിത്തരാം എന്ന് പറഞ്ഞ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ വിദ്യാര്‍ഥികളെ സമരത്തിന് കൊണ്ടുപോയി എന്ന് പരാതിയുയര്‍ന്നിരിക്കുകയാണ് ഇപ്പോള്‍.
പാലക്കാട് പത്തിരിപ്പാല ജി.വി.എച്ച്.എസ്.എസിലെ വിദ്യാര്‍ഥികളുടെ കലക്ടറേറ്റ് സമര പങ്കാളിത്തമാണ് വിവാദത്തിലായിരിക്കുന്നത്.
അനുമതിയില്ലാതെ കുട്ടികളെ പ്രകടനത്തിന് കൊണ്ടു പോയവര്‍ക്കെതിരെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്കി. എന്നാല്‍ ആരോപണം ശരിയല്ലെന്ന് എസ്എഫ്ഐ പറഞ്ഞു.
എസ്എഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റി കഴിഞ്ഞ ദിവസം കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിലേക്കാണ് സ്കൂളില്‍ നിന്ന് വിദ്യാര്‍ഥികളെ അനുമതിയില്ലാതെ കൊണ്ടു പോയതെന്നാണ് ആക്ഷേപം.
ക്ലാസിലെത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച് കൊണ്ടു പോവുകയായിരുന്നു. ഭക്ഷണം ഉണ്ടാവും എന്ന് പറഞ്ഞാണ് തങ്ങളെ കൊണ്ടു പോയത്, എന്നാല്‍ ഒന്നും കിട്ടിയില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
പ്രകടനത്തിന് പോയ കുട്ടികള്‍ രാവിലെ മുതല്‍ ക്ലാസില്‍ ഉണ്ടായിരുന്നില്ല എന്നാണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം.
സ്കൂളില്‍ വരാത്ത കുട്ടികളുടെ ദൈനംദിന വിവരം പതിവു പോലെ രക്ഷിതാക്കളുടെ വാട്സാപ്പ് ഗ്രൂപ്പില്‍ അറിയിച്ചു.
അപ്പോഴാണ് കുട്ടികള്‍ ക്ലാസില്‍ എത്തിയില്ലെന്ന് അറിയുന്നത്. ആരോടും ചോദിക്കാതെ കുട്ടികളെ പ്രകടനത്തിന് കൊണ്ടു പോയവര്‍ക്കെതിരെ കേസെടുക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.
സംഘാടകര്‍ക്കെതിരെ തട്ടിക്കൊണ്ടു പോകലിന് കേസെടുക്കണമെന്ന് കാട്ടി യൂത്ത് കോണ്‍ഗ്രസ് മങ്കട പോലീസില്‍ പരാതി നല്കി.
ഇല്ലാത്ത ബിരിയാണിക്കഥ ഉണ്ടാക്കി ക്യാമ്പസുകളിലും വിദ്യാര്‍ഥികളിലും അരാഷ്ട്രീയത കുത്തിവെക്കണമെന്ന താല്പര്യമുള്ള ചിലരെ കൂട്ടുപിടിച്ചു കൊണ്ടുള്ള ഇടപെടലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് എസ്എഫ്ഐ വ്യക്തമാക്കി.