മംഗളൂരു: സുള്ള്യയില്‍ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതവുമായി ബന്ധപ്പെട്ട് അന്വേഷണം മലയാളികളിലേക്കും.
പ്രതികൾ കൊല നടത്തിയ ശേഷം കേരളത്തിലേക്ക് കടന്നതായാണ് കർണാടക പോലീസ് കണ്ടെത്തിയത്. കേരള രജിസ്ട്രേഷനുള്ള ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്.
അതേ സമയം ഈ നന്പർ യഥാർഥത്തിലുള്ളതാണോ എന്ന കാര്യം പരിശോധിച്ചു വരികയാണ്. പ്രതികൾക്ക് കേരളത്തിൽ ബന്ധമുള്ളതു കൊണ്ടാണ് ഇവർ കേരളത്തിലേക്ക് കടന്നതെന്നാണ് പ്രാഥമിക നിഗമനം.
ഓടിക്കൊണ്ടിരുന്ന ബൈക്കിലിരുന്നാണ് പ്രവീണിനെ വടിവാള്‍ കൊണ്ട് വെട്ടിവീഴ്ത്തിയത്.
നേരത്തെ ചില തീവ്രവാദ സംഘടനകൾ നടത്തിയ കൊലപാതകത്തിന് സമാനമായ രീതിയാണ് സുള്ളിയിലും ഉണ്ടായത്. ഇത്തരം സംഘങ്ങൾക്ക് കേരളത്തിൽ വേരോട്ടമുള്ളതായി റിപ്പോർട്ടുണ്ടായിരുന്നു.
കേരള പോലീസിന്റെ സഹായം തേടി
സംഭവം നടന്നയുടന്‍ പ്രതികള്‍ കാസര്‍ഗോഡ് ഭാഗത്തേക്ക് രക്ഷപ്പെട്ടതായാണ് ദൃക്സാക്ഷികള്‍ നല്കിയ വിവരം.
പ്രതികളെ കണ്ടെത്താന്‍ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചതായും കേരള പോലീസിന്റെ സഹായം തേടിയതായും കര്‍ണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര അറിയിച്ചു.
കര്‍ണാടക പോലീസ് മേധാവി കേരള ഡിജിപിയെ വിളിച്ച് സംസാരിച്ചിരുന്നു. ദക്ഷിണ കന്നഡ, കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവികള്‍ തമ്മിലും ആശയവിനിമയം നടത്തി. കര്‍ണാടകയില്‍ നിന്നുള്ള പ്രത്യേക പോലീസ് സംഘം കാസര്ഗോഡെത്തിയതായും സൂചനയുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് പത്തോളം പേരെ കര്‍ണാടകയില്‍ നിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രതികള്‍ക്ക് പ്രവീണിന്റെ അടുത്തെത്താനും പിന്നീട് രക്ഷപ്പെടാനും സഹായം ചെയ്തുകൊടുത്തവരാണ് അറസ്റ്റിലായതെന്നാണ് പോലീസില്‍ നിന്നുള്ള വിവരം.
ആ കൊലയുമായി ബന്ധമില്ലെന്ന്
സ്വന്തം നാട്ടില്‍ ഇതര സമുദായങ്ങളില്‍ പെട്ട ആളുകളുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്ന പ്രവീണ്‍ അക്രമസംഭവങ്ങളിലൊന്നും ഉള്‍പ്പെട്ടിരുന്നില്ല.
അതുകൊണ്ടുതന്നെ സുള്ള്യയില്‍ ഒരാഴ്ചമുമ്പ് ആള്‍ക്കൂട്ട ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവവുമായി പ്രവീണിന്റെ കൊലപാതകത്തിന് ബന്ധമില്ലെന്നാണ് പോലീസിന് ലഭിച്ച വിവരം.
രാജസ്ഥാനിലെ ഉദയ്പൂരില്‍ തയ്യല്‍ക്കാരനായ കനയ്യ ലാലിന്റെ കൊലപാതകമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രവീണ്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം.
ഗൂഢാലോചന നടന്നത് കേരളത്തിൽ?
കൊലപാതകത്തിന്റെ ഗൂഢാലോചന നടന്നത് കേരളത്തില്‍ വച്ചായിരുന്നുവെന്നാണ് ആദ്യസൂചന.
സംഭവത്തിനു പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ സംഘടനകളുടെ പങ്ക് ഗൗരവമായി അന്വേഷിക്കണമെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ആവശ്യപ്പെട്ടിട്ടു.
പ്രവീണിന്റെ കൊലപാതകത്തെ തുടര്‍ന്ന് ദക്ഷിണ കന്നഡ ജില്ലയിലും മറ്റു തീരദേശ ജില്ലകളിലും കൂടുതല്‍ സംഘര്‍ഷങ്ങളുണ്ടാകുന്നത് തടയാന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തു.
പ്രവർത്തകർ പ്രതിഷേധത്തിൽ
ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്രയും യോഗത്തില്‍ പങ്കെടുത്തു. പ്രവീണിന്റെ കൊലപാതകത്തെ തുടര്‍ന്ന് ഇന്നലെ സുള്ള്യ, പുത്തൂര്‍, കഡബ താലൂക്കുകളില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു.
പ്രവീണിന് അന്തിമോപചാരമര്‍പ്പിക്കാനെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കടീല്‍ എംപിയും മന്ത്രി സുനില്‍ കുമാറുമുള്‍പ്പെടെയുള്ള ബിജെപി നേതാക്കളെ പ്രവര്‍ത്തകര്‍ തടഞ്ഞു.
സാധാരണ പ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയുന്നില്ലെന്നാരോപിച്ചായിരുന്നു പ്രവര്‍ത്തകരുടെ രോഷപ്രകടനം.
പലയിടങ്ങളിലും കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെ കല്ലേറുണ്ടായി.
ഇനിയൊരു സാധാരണക്കാരനും ഈ വിധിയുണ്ടാവരുതെന്ന് പ്രവീണിന്റെ ഭാര്യ നൂതന പറഞ്ഞു.