ആലുവ: ഭാഗ്യദേവതയെന്ന മെഗാ സീരിയലിൽ മുഖം കാണിച്ച് നടിയെന്ന ഖ്യാതി നേടി സ്വന്തമായി ലഹരി സാമ്രാജ്യത്തിലെ റാണിയായി മാറുകയായിരുന്നു അശ്വതി ബാബു.
സംഭവ ബഹുലമായ ഈ ചെറു ജീവിതത്തിനിടയിൽ ജയിൽ വാസവും പ്രായപൂർത്തിയാകുന്നതിന് മുമ്പ് സമാനമായ കേസുകളിൽ ഒബ്സർവേഷൻ ഹോമുകളിൽ കഴിഞ്ഞതും ചരിത്രം മാത്രം.
സ്വദേശമായ തിരുവനന്തപുരത്തു നിന്നു കൊച്ചിയുടെ മാസ്മരിക ലോകത്തെത്തിയ അശ്വതിയുടെ ഉന്നത ബന്ധങ്ങൾ ലഹരി മാഫിയയിലെ ഭാഗ്യദേവതയാക്കി.
ഒടുവിൽ കുടുങ്ങിയത്
ലഹരിയുടെ ഉന്മാദത്തിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനാണ് സിനിമാ-സീരിയൽ നടിയും കൂട്ടാളിയും കസ്റ്റഡിയിലാകുന്നത്.
അശ്വതിയും സുഹൃത്ത് നൗഫലുമാണ് പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവുമുണ്ടായത്.
കളമശേരി കുസാറ്റ് ജംഗ്ഷൻ മുതൽ തൃക്കാക്കര ക്ഷേത്രം വരെയുള്ള റോഡിലൂടെ നിരവധി വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചുകൊണ്ടായിരുന്നു ഇവരുടെ മരണപ്പാച്ചിൽ.
നാട്ടുകാർ പിന്തുടരുന്നതിൽ അരിശം പൂണ്ട് റോഡിനു പുറത്തുകൂടി വാഹനം എടുക്കാൻ ശ്രമിക്കുമ്പോൾ ടയർ പൊട്ടുകയായിരുന്നു.
ഇതോടെ വാഹനം ഉപേക്ഷിച്ചു രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടെ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് തൃക്കാക്കര പോലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു
വീട്ടിൽ കഞ്ചാവ്
ഇതിനിടയിൽ നോർത്ത് പറവൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. നിജുമോന് അശ്വതി ബാബുവിന്റെ വീട്ടിൽ സിന്തറ്റിക് മയക്കുമരുന്നുകളും കഞ്ചാവും സൂക്ഷിച്ചിരിക്കുന്നു എന്നുള്ള രഹസ്യ വിവരമെത്തുകയായിരുന്നു.
തുടർന്ന് വരാപ്പുഴ കൂനമ്മാവിന് അടുത്തുള്ള ഗാന്ധി നഗറിലെ അശ്വതി ഭവനം എന്ന വീട്ടിൽ പരിശോധന നടത്തി കഞ്ചാവ് കണ്ടെത്തുകയും ചെയ്തു.
ഇവർ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്നും സിന്തറ്റിക് മയക്കുമരുന്ന് ഉപയോഗം നിർത്തുന്നതിനായി കഞ്ചാവ് ഉപയോഗിക്കുകയാണ് ചെയ്യുന്നതെന്നും എക്സൈസ് പറഞ്ഞു.
മുൻപും ഇവർക്കെതിരേ മയക്കുമരുന്ന് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഉപയോഗിച്ചതിന്റെ ബാക്കി അഞ്ച് ഗ്രാമോളം കഞ്ചാവണ് നടിയുടെ വീട്ടിൽനിന്നു കണ്ടെടുത്തത്. പ്രതിയെ പിന്നീട് ജാമ്യം നൽകി വിട്ടയയ്ക്കുകയായിരുന്നു.
അശ്വതിയാണ് താരം
സിനിമാ, സീരിയൽ മേഖലയിലെ അത്ര പരിചിതമായ മുഖമല്ല അശ്വതിയുടേത്. വളരെ ചുരുക്കം സിനിമകളിലും സീരിയലുകളിലും മാത്രമാണ് അഭിനയിച്ചതെങ്കിലും നടിയെന്ന പേരിലാണ് ഇവർ പലരുമായും ബന്ധം സ്ഥാപിച്ചിരുന്നത്.
മോഹൻലാലിനൊപ്പം വെളിപാടിന്റെ പുസ്തകമെന്ന സിനിമയിൽ അഭിനയിച്ചതോടെ അശ്വതിയുടെ താരമൂല്യം ഉയർന്നു.