പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ കേസിൽ ഓട്ടോറിക്ഷ ഡ്രൈവറെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു.
കോന്നി കൊക്കാതോട് ആരുവാപ്പുലം അപ്പൂപ്പൻതോട് അപ്സര ഭവനിൽ അനിൽകുമാറിനെ(തത്ത – 49)യാണ് റിമാൻഡ് ചെയ്തത്.
തിങ്കളാഴ്ച വൈകുന്നേരം 6.30ന് കോന്നി ടൗണിൽ നിന്ന് പെൺകുട്ടിയെ തന്റെ ഓട്ടോയിൽ കയറ്റി വീട്ടിലേക്ക് വിടാമെന്ന് പറഞ്ഞുകൊണ്ടുപോകുകയും,
തുടർന്ന് അപ്പൂപ്പൻ തോട് എന്ന സ്ഥലത്ത് വിജനമായ ജബ്ബാർ വളവിൽ വച്ച് ഓട്ടോറിക്ഷ നിർത്തിയശേഷം അതിക്രമത്തിനു മുതിർന്നുവെന്നുമാണ് കേസ്.
കുട്ടിയുടെ പരാതിയിൽ മൊഴി രേഖപ്പെടുത്തി പോക്സോ നിയമം ഉൾപ്പെടുത്തി കേസെടുത്ത കോന്നി പോലീസ് വ്യാഴാഴ്ച്ച വൈകുന്നേരം ആറിന് കോന്നി ടൗണിൽ നിന്നും ഇയാളെ പിടികൂടി, ഓട്ടോറിക്ഷ പിടിച്ചെടുത്തു.
വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു, തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി, മെഡിക്കൽ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.