കോയന്പത്തൂർ : വിദ്യാർഥിനികളോട് അപമര്യാദയായി പെരുമാറുകയും അശ്ലീലം പറയുകയും ചെയ്ത കായികാധ്യാപകനെ അറസ്റ്റു ചെയ്തു.
സുഗുണാപുരം ഗവ.സ്കൂളിലെ കായികാധ്യാപകൻ പ്രഭാകരനെയാണ് അറസ്റ്റു ചെയ്തത്.
അഞ്ചു ദിവസം മുൻപാണ് പ്രഭാകരൻ ഇവിടെക്ക് സ്ഥലം മാറി വന്നത്. സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളോടാണ് ഇയാൾ മോശമായി പെരുമാറുകയും സംസാരിക്കുകയും ചെയ്തത്.
ഇതേക്കുറിച്ച് വിദ്യാർത്ഥികൾ പ്രിൻസിപ്പലിനെ വിവരമറിയിച്ചെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. തുടർന്ന് കുട്ടികൾ രക്ഷിതാക്കളെ വിവരമറിയിക്കുകയായിരുന്നു.
ഇന്നലെ രാവിലെ സ്കൂളിനു മുന്നിൽ പ്രതിഷേധവുമായി 200 ഓളം രക്ഷിതാക്കൾ തടിച്ചുകൂടി അധ്യാപകനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടതിനെ തുടർന്ന് പേരൂർ വിദ്യാഭ്യാസ ജില്ല വിദ്യാഭ്യാസ വകുപ്പ് ഓഫീസർ രമേഷ്, തഹസിൽദാർ തുടങ്ങിയവർ സ്കൂളിലെത്തുകയും കളക്ടർ സമീരന്റെ നിർദേശത്തെ തുടർന്ന് പ്രഭാകരനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്യുകയുമായിരുന്നു.
അധ്യാപകനെതിരെ നടപടിയെടുക്കാതിരുന്ന പ്രിൻസിപ്പലിനെതിരെയും നടപടിയെടുക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു.