കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ മലയാളം അസോസിയേറ്റ് പ്രഫസർ തസ്തികയിലേക്കു നിയമനത്തിനായി പ്രസിദ്ധീകരിച്ച താത്കാലിക പട്ടികയിലെ ഒന്നാം റാങ്കുകാരിയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യയുമായ പ്രിയ വർഗീസ് സമർപ്പിച്ചതു യഥാർഥ സർട്ടിഫിക്കറ്റല്ലെന്ന് ആരോപണം.
അധ്യാപനപരിചയ സർട്ടിഫിക്കറ്റിനു പകരം പ്രിയ സമർപ്പിച്ചതു കേരളവർമ കോളജ് പ്രിൻസിപ്പൽ നൽകിയ എംപ്ലോയ്മെന്റ് സർട്ടിഫിക്കറ്റാണെന്നാണ് വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിൽ മറു പടി ലഭിച്ചത്.
സിൻഡിക്കറ്റംഗമായ ഡോ. ആർ.കെ. ബിജു വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിലാണ് ഇതു വ്യക്തമായത്.
വിവരാവകാശ രേഖകൾ പ്രകാരം ഡോ. പ്രിയ വർഗീസ് 29.07.2015 മുതൽ 9.2.2018 വരെ ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം പ്രകാരം പിഎച്ച്ഡി പ്രോഗ്രാമിനും തുടർന്ന് 7.8.2019 മുതൽ 15.6.2021 വരെ കണ്ണൂർ സർവകലാശാലയിൽ സ്റ്റുഡന്റ് ഡയറക്ടറായും സേവനമനുഷ്ഠിക്കുകയാണു ചെയ്തത്.
കൂടാതെ 7.7.2021 മുതൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ സേവനമനുഷ്ഠിച്ചുവരികയുമാണ്. പക്ഷേ, കണ്ണൂർ സർവകലാശാലയിൽ അധ്യാപനപരിചയം തെളിയിക്കാൻവേണ്ടി ഹാജരാക്കിയ എംപ്ലോയ്മെന്റ് സർട്ടിഫിക്കറ്റിൽ ഇക്കാര്യങ്ങൾ ഒന്നുംതന്നെ രേഖപ്പെടുത്തിയിട്ടില്ല.
അതിനാൽ സ്ക്രീനിംഗ് കമ്മിറ്റി അംഗങ്ങൾക്കു മേൽപ്പറഞ്ഞ കാര്യങ്ങൾ പരിശോധിക്കാൻ കഴിഞ്ഞിട്ടില്ല. യുജിസി ചട്ടപ്രകാരം ഗവേഷണകാലവും അനധ്യാപക തസ്തികയിലുള്ള ഡെപ്യൂട്ടേഷൻ കാലവും അധ്യാപനപരിചയമായി കണക്കുകൂട്ടാനാകില്ല.
പ്രിയ വർഗീസിനെ അയോഗ്യയാക്കണമെന്നും 15 വർഷത്തെ അധ്യാപന പരിചയവും വേണ്ടുവോളം ഗവേഷണ പ്രസിദ്ധീകരണങ്ങളുമുള്ള രണ്ടാം റാങ്കുകാരനായ ഡോ. ജോസഫ് സ്കറിയയ്ക്കു നിയമനം നൽകണമെന്നും കാണിച്ച് ഡോ. ആർ.കെ. ബിജു വൈസ് ചാൻസലർക്കു കത്ത് നൽകിയിട്ടുണ്ട്.
പ്രിയ വർഗീസ് എംപ്ലോയ്മെന്റ് സർട്ടിഫിക്കറ്റ് ഹാജരാക്കിയതു സ്ക്രീനിംഗ് കമ്മിറ്റിയെ കബളിപ്പിക്കുന്നതിനു ബോധപൂർവം നടത്തിയ ശ്രമമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
മുഴുവൻ പരിശോധനയും കഴിഞ്ഞതിനുശേഷമാണു കേരള പബ്ലിക് സർവീസ് കമ്മീഷൻ ഉൾപ്പെടെയുള്ളവർ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാറുള്ളത്.
പക്ഷേ, കണ്ണൂർ സർവകലാശാലയിൽ ഇന്റർവ്യൂ കഴിഞ്ഞ് ഏഴു മാസമായിട്ടും ഫിസിക്കൽ വെരിഫിക്കേഷൻ പോലും നടത്താതെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതു ദുരൂഹമാണെന്നും പ്രിയയെ അയോഗ്യമാക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.