തിരുവനന്തപുരം: എകെജി സെന്റർ ആക്രമണക്കേസിൽ ക്രൈംബ്രാഞ്ച് സംഘം നിലവിലെ അന്വേഷണ സംഘവുമായി ചർച്ച നടത്തി.
ഡിസിആർബി അസിസ്റ്റന്റ് കമ്മീഷണർ ദിനിൽ, കന്റോണ്മെന്റ് അസിസ്റ്റന്റ് കമ്മീഷണർ ദിനരാജ് എന്നിവരുമായാണ് നേരത്തെ അന്വേഷിച്ച കാര്യങ്ങളെക്കുറിച്ച് ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിൽ ചർച്ച നടത്തിയത്.
കന്റോണ്മെന്റ് പോലീസിൽ നിന്നും ഇതുവരെയുള്ള അന്വേഷണ വിവരങ്ങൾ ഉൾപ്പെടെയുള്ള ഫയലുകൾ ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം ഏറ്റുവാങ്ങിയിരുന്നു.
ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്പി. മധുസൂദനന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഡിവൈഎസ്പി തോട്ടത്തിൽ ജലീലാണ് അന്വേഷണ ഉദ്യോഗസ്ഥൻ. കുടുതൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അടുത്ത ദിവസം അന്വേഷണ സംഘത്തെ വിപുലീകരിക്കും.
എകെജി സെന്ററിന് നേരെ പടക്കമേറ് നടന്ന് 30 ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാൻ കഴിയാതെ പോലീസ് ഇരുട്ടിൽതപ്പുകയായിരുന്നു.
പ്രതിയെ പിടികൂടാൻ സാധിക്കാത്ത പോലീസിനെതിരെയും ആഭ്യന്തരവകുപ്പിനെതിരെയും പ്രതിപക്ഷം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
പടക്കമേറ് നടത്തിയ അക്രമിയുടെ സിസിടിവി കാമറ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചെങ്കിലും വാഹനത്തിന്റെ നന്പരോ അക്രമിയുടെ മുഖമോ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.
പ്രതിപക്ഷ ആരോപണം തണുപ്പിക്കുന്നതിന് കൂടിയാണ് സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. അന്വേഷണത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തു.