തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. ശക്തമായ മഴയിൽ പലയിടത്തും വെള്ളംപൊങ്ങി. ഉൾ വനങ്ങളിൽ ഉരുൾപൊട്ടിയതായും സൂചനയുണ്ട്. കൊല്ലത്തും പത്തനംതിട്ടയിലുമായി രണ്ട് പേർ ഒഴുക്കിൽപ്പെട്ട് മരിച്ചു.
കൊല്ലത്ത് അച്ചൻകോവിൽ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് മധുര സ്വദേശി കുമരൻ ആണ് മരിച്ചത്. പത്തനംതിട്ടയിൽ കൊല്ലമുള പലകക്കാവിൽ ഒഴുക്കിൽപ്പെട്ട അദ്വൈതാണ് മരിച്ച മറ്റൊരാൾ.
കനത്ത മഴയിൽ തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലയിലെ പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി. കല്ലാറും മക്കിയാറും കരകവിഞ്ഞൊഴുകി.
മീൻമുട്ടിയിൽ പോയ വിനോദസഞ്ചാരികൾ തിരിച്ചുവരാൻ ആകാതെ അകപ്പെട്ടു. കല്ലാറിൽ കുളിക്കാനെത്തിയ തിരുവല്ല സ്വദേശികളായ രണ്ട് യുവാക്കൾ ആറ്റിൽ വെള്ളം ഉയർന്നതിനെതുടർന്ന് മണിക്കൂറോളം പാറയിൽ കുടുങ്ങി.തുടർന്ന് ഫയർഫോഴ്സ് എത്തി ഇവരെ കരയ്ക്കെത്തിച്ചു.
കോട്ടയത്തും മലയോര മേഖലകളിൽ കനത്ത മഴയാണ്. മേലുകാവ്, മൂന്നിലവ്, മുണ്ടക്കയം, എരുമേലി തുടങ്ങി മലയോര മേഖലകളിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്.
ശക്തമായ മഴയും ഉരുൾ പൊട്ടലുമുണ്ടായതോടെ കോട്ടയം ഇലവീഴാപൂഞ്ചിറയിൽ വിനോദസഞ്ചാരികൾ കുടുങ്ങികിടന്നിരുന്നു. ആർക്കും പരിക്കുകളില്ലെന്നാണ് പുറത്തു വരുന്ന വാർത്തകൾ.
മൂന്നിലവ് വില്ലേജില്‍ ഉരുള്‍പൊട്ടലുണ്ടായി. മുണ്ടക്കയം എരുമേലി സംസ്ഥാന പാതയില്‍ കരിനിലത്ത് തോട് കര കവിഞ്ഞു. ഇടുക്കി മൂലമറ്റത്ത് ഉരുൾപൊട്ടിയതായി സംശയമുണ്ട്.
സംസ്ഥാനത്ത് വ്യാഴാഴ്ച വരെ കനത്തതോ അത്യന്തം കനത്തതോ ആയ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രിയും നിർദേശിച്ചിരുന്നു.