പത്തനംതിട്ട: വെള്ളികുളം കല്ലുപാലത്ത് കാര്‍ തോട്ടിലേക്ക് മറിഞ്ഞ് മരിച്ചത് അച്ഛനും മക്കളും. ഇടുക്കി ചക്കുപള്ളം സ്വദേശി ചാണ്ടി മാത്യു, മക്കളായ ബ്ലെസി ചാണ്ടി, ഫെബ വി. ചാണ്ടി എന്നിവരാണ് മരിച്ചത്.
മരിച്ച ചാണ്ടി മാത്യു പാസ്റ്റര്‍ ആണ്. പരുമല ഗ്രിഗോറിയോസ് കോളജില്‍ എംസിഎ വിദ്യാര്‍ഥിനിയാണ് ബ്ലെസി ചാണ്ടി, കഴിഞ്ഞ പത്ത് വര്‍ഷമായി പത്തനംതിട്ട കുമ്പനാട് ആണ് ഇവര്‍ താമസിക്കുന്നത്.
ഇവരെ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് കാറിലുണ്ടായിരുന്ന വിദ്യാര്‍ഥിനിയുടെ കോളജ് ഐഡി കാര്‍ഡിലെ വിവരങ്ങളില്‍ നിന്നാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്.
വെണ്ണിക്കുളം കല്ലുപാലത്ത് ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം. കെഎല്‍ ഒന്ന് എജെ 2102 എന്ന നമ്പരിലുള്ള മാരുതി കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. മുന്നില്‍പ്പോയ വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം നഷ്ടമായ കാർ തോട്ടിലേക്ക് മറിയുകയായിരുന്നു.
കാര്‍ തോട്ടില്‍ 15 മിനുട്ടോളം മുങ്ങിക്കിടന്നു. കഴിഞ്ഞദിവസത്തെ കനത്തമഴയെത്തുടര്‍ന്ന് തോട്ടില്‍ ശക്തമായ ഒഴുക്കുണ്ടായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാരും അഗ്നിശമന സേനാ ഉദ്യോഗസ്ഥരും അരമണിക്കൂറുകളോളം പരിശ്രമിച്ചാണ് വാഹനം കരയ്ക്കടുപ്പിച്ചത്.