തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ തീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം. ഇന്നു മുതൽ അഞ്ചു ദിവസം ശക്തമായ മഴ തുടരും.
ദക്ഷിണേന്ത്യയ്ക്കു മുകളിൽ ചക്രവാതച്ചുഴി രൂപ്പപെട്ടതാണ് മഴ ശക്തമാകാൻ കാരണം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. മണിക്കൂറില്‍ 55 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികൾ അടുത്ത അഞ്ച് ദിവസത്തേക്ക് കടലില്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്.
ഇടിമിന്നലോടുകൂടി തുടര്‍ച്ചയായി മഴ പെയ്യുന്നതിനാല്‍ പ്രദേശികമായി ചെറു മിന്നല്‍ പ്രളയമുണ്ടാകാമെന്നും കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം നെടുമങ്ങാട് താലൂക്കിലെ അംഗന്‍വാടികള്‍, സര്‍ക്കാര്‍, എയ്ഡഡ്, അണ് എയ്ഡഡ് സ്ക്കൂളുകള്‍ക്കു ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിലും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
നാളെ മുതല്‍ മഴ കൂടുതല്‍ ശക്തമാകും. തീരദേശ മേഖലകളിലും മലയോരമേഖലകളിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലയോര മേഖലകളിലിപ്പോഴും മഴ തുടരുകയാണ്.
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ ഇക്കോടൂറിസം സെന്ററുകളും അടച്ചു. കനത്ത മഴയെ തുടർന്ന് എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. കോട്ടയം ജില്ലയിൽ മലയോരമേഖലയിൽ രാത്രിയാത്രയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
കൊല്ലം കുളത്തൂപ്പുഴ അമ്പതേക്കർ പാലത്തിൽ വെള്ളം കയറി. ഈ വഴിയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. അമ്പതേക്കർ ട്രൈബൽ ഹോസ്റ്റലിലെ കുട്ടികളെയും ജീവനക്കാരെയും മാറ്റിയിട്ടുണ്ട്. കുന്നിമാൻതോടിന്റെ കരയിലെ എട്ട് കുടുംബങ്ങളെയും മാറ്റി.
ജലനിരപ്പ് ഉയര്‍ന്നതോടെ തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍, അരുവിക്കര ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി. പേപ്പാറ ഡാമും ഇന്ന് തുറക്കും.