കണ്ണുള്ളപ്പോഴേ കണ്ണിന്റെ വിലയറിയൂ…എന്ന് പറയാറുണ്ട്. കണ്ണില്ലാത്തവരെയും കണ്ണിന് കാഴ്ചയില്ലാത്തവരെയും ആളുകള്‍ അനുതാപപൂര്‍വമാണ് പരിഗണിക്കുന്നതെങ്കിലും ചിലരെങ്കിലും ഇത്തരക്കാരെ പരിഹസിക്കാറുണ്ട്.
ഇത്തരത്തിലുള്ള പരിഹാസത്തിന് ചുട്ട മറുപടി നല്കിയലിവര്പൂളിലെ ഒരു ബാര്‍ ജീവനക്കാരിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.
ആറു മാസം പ്രായമുള്ളപ്പോള്‍ ഒരു കണ്ണ് നഷ്ടമായ 25-കാരിയായ ഡാനി വിന്റോയാണ് സ്വര്‍ണക്കണ്ണ് സ്വന്തമാക്കി ആളുകളെ ഞെട്ടിച്ചത്.
റെറ്റിനോബ്ലാസ്റ്റോമ എന്ന അപൂര്‍വ അര്‍ബുദം ബാധിച്ചാണ് ഡാനിയുടെ ഒരു കണ്ണ് നഷ്ടമായത്.
അര്‍ബുദം മറ്റു ശരീരഭാഗങ്ങളിലേക്ക് പടരാതിരിക്കാന്‍ വലതു കണ്ണ് നീക്കം ചെയ്തു. പകരം കൃത്രിമ കണ്ണു വച്ചു. എന്നാല്‍ പിന്നീട് ഡാനിയുടെ ജീവിതം പരിഹാസവാക്കുകള്‍ നിറഞ്ഞതായിരുന്നു.
കുട്ടിക്കാലത്ത് സ്കൂളിലെ സഹപാഠികളാണ് ഡാനിയെ ആദ്യം കളിക്കായത്. എന്നാല്‍ ബാറില്‍ ജോലി ലഭിച്ചിട്ടും ഇതിനു മാറ്റമൊന്നുമുണ്ടായില്ല.
ചെറിയ കുട്ടികളുടെ പരിഹാസത്തേക്കാള്‍ ക്രൂരമായിരുന്നു മുതിര്‍ന്നവരുടെ കുത്തുവാക്കുകളെന്ന് ഡാനി പറയുന്നു.
ബാറില്‍ പല തരത്തിലും അപമാനിതയാകേണ്ടി വന്നു. മദ്യം ഒഴിച്ചുകൊടുക്കുമ്പോള്‍ ചിലര്‍ ‘നീ എന്നെയാണോ നോക്കുന്നത് അതോ എന്റെ പിന്നില്‍ നില്ക്കുന്ന ആളെയാണോ? എന്ന് ചോദിക്കും.
മറ്റൊരിക്കല്‍ ഒരാള്‍ 20 പൗണ്ട് ടിപ്പ് ആയി തന്നിട്ട് പറഞ്ഞു,’നീ പോയി നിന്റെ ചത്ത കണ്ണ് ശരിയാക്കിയിട്ട് വാ’ എന്ന്.
ആ പണമെല്ലാം താന്‍ സൂക്ഷിച്ചുവെച്ചുവെന്നും അതുപയോഗിച്ച് സ്വര്‍ണക്കണ്ണ് സ്വന്തമാക്കുകയായിരുനെന്നും ഡാനി കൂട്ടിച്ചേര്‍ക്കുന്നു.
162 പൗണ്ട് (15,623 ഇന്ത്യന്‍ രൂപ) മുടക്കി നാഷണല്‍ ആര്‍ട്ടിഫിഷ്യല്‍ ഐ സര്‍വീസില്‍ നിന്നാണ് ഡാനി സ്വര്‍ണംകൊണ്ടുള്ള കണ്ണ് വാങ്ങിയത്. ഈ കൃത്രിമക്കണ്ണിലെ കൃഷ്മണിയാണ് സ്വര്ണംകൊണ്ടുണ്ടാക്കിയത്.
ഇപ്പോള്‍ താന്‍ വളരെ സന്തോഷവതിയാണെന്നും ആളുകളുടെ കുത്തുവാക്കുകള്‍ കുറഞ്ഞെന്നും ഡാനി പറയുന്നു.
തന്റെ തീരുമാനത്തില്‍ കാമുകനും മാതാപിതാക്കളും സന്തോഷവാന്മാരാണെന്നും ഡാനി കൂട്ടിച്ചേര്‍ക്കുന്നു.
സ്വര്‍ണക്കണ്ണ് വെച്ചശേഷമുള്ള നിരവധി ചിത്രങ്ങള്‍ ഡാനി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ‘ഡാനി വിത്ത് വണ്‍ ഐ’ എന്നാണ് ഇവര്‍ ഇന്‍സ്റ്റാ ബയോയായി കൊടുത്തിരിക്കുന്നത്.