ചങ്ങനാശേരി: ചങ്ങനാശേരി ബൈപാസ് കേന്ദ്രീകരിച്ച് റെന്റ് എ കാർ ലോബി സജീവം. റെന്റിനെടുക്കുന്ന കാർ പണയം വയ്ക്കുകയും വില്പന നടത്തുകയും ചെയ്യുന്ന സംഘങ്ങളും ചങ്ങനാശേരിയിൽ പ്രവർത്തിക്കുന്നുണ്ട്.
പോലീസിന്റെ രാത്രികാല പട്രോളിംഗ് കുറഞ്ഞതോടെയാണ് ഇത്തരം സംഘങ്ങൾ ചങ്ങനാശേരിയുടെ വിവിധ ഭാഗങ്ങളിൽ തഴച്ചു വളർന്നത്. ഇതിന്റെ മറവിൽ സ്ത്രീകളെ കൈമാറുന്ന അനാശാസ്യ സംഘങ്ങളും പ്രവർത്തിക്കുന്നതായും സൂചനകളുണ്ട്.
കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിൽനിന്നുള്ളവരും ചങ്ങനാശേരി കേന്ദ്രീകരിച്ചുള്ള റെന്റ് എ കാർ ലോബിയിലുണ്ടെന്ന സൂചനകളും പോലീസിനു ലഭിച്ചിട്ടുണ്ട്.
റെന്റിനെടുത്ത കാർ പണയം വച്ചതു സംബന്ധിച്ച തർക്കത്തെ തുടർന്ന് ഞായറാഴ്ച രാത്രി യുവാവിനു കുത്തേൽക്കുകയും സംഭവത്തിൽ ആറംഗ ക്രിമിനൽസംഘം അറസ്റ്റിലാകുകയും ചെയ്തിരുന്നു.
തൃക്കൊടിത്താനം ആരമനക്കുന്ന് ഭാഗത്ത് മുഹമ്മദ് അഫ്സലി(25)നാണു കുത്തേറ്റത്. ഞായറാഴ്ച രാത്രി 9.30നു ചങ്ങനാശേരി റെയിവേ സ്റ്റേഷനു സമീപമാണു വാക്കേറ്റവും കത്തിക്കുത്തും അരങ്ങേറിയത്.
ചങ്ങനാശേരി ഫാത്തിമപുരം പാറേൽ കോളനി ഭാഗത്ത് വെട്ടുകുഴിയിൽ സിജോ സെബാസ്റ്റ്യൻ (സിജോണി, 28), തൃക്കൊടിത്താനം ആലുമൂട്ടിൽ നിധിൻ ജോസഫ് ആലുംമൂടൻ (35), ചങ്ങനാശേരി ഫാത്തിമപുരം കോളനിഭാഗം പാറയിൽ അജേഷ് പി. ദാമോദരൻ (31), ഫാത്തിമപുരം കുന്നക്കാട് ഭാഗത്ത് മലയിൽ പുതുപ്പറന്പ് സച്ചു കുശൻ (28), ഫാത്തിമപുരം കോളനി ഭാഗം പാറയിൽ ബെസ്റ്റിൻ ജോളിച്ചൻ (24), കറുകച്ചാൽ കുരിശടി ഭാഗത്ത് ആര്യൻകാല പുതുപ്പറന്പിൽ ജെ. ജയിത്ത് കുമാർ (കണ്ണൻ, 29) എന്നിവരെയാണു ചങ്ങനാശേരി പോലീസ് അറസ്റ്റു ചെയ്തത്.
അഫ്സൽ കാർ റെന്റിനു എടുത്തതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് അക്രമത്തിൽ കലാശിച്ചത്.സംഭവത്തിനുശേഷം കടന്നുകളയാൻ ശ്രമിക്ക ആറുപ്രതികളേയും തിരുവല്ല, കാവുംഭാഗം, കുന്നന്താനം ഭാഗങ്ങളിൽനിന്നും അന്നു രാത്രിതന്നെ ചങ്ങനാശേരി പോലീസ് പിടികൂടുകയായിരുന്നു.
സംഭവത്തെ തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾക്ക് കുരുക്കു വീണത്.
കുത്തേറ്റ അഫ്സൽ ആശുപത്രിയിൽ ചികിത്സയിലാണ്.അറസ്റ്റിലായ സംഘത്തിലെ സിജോ സെബാസ്റ്റ്യനും നിധിൻ ജോസഫും ചങ്ങനാശേരി പെരുന്ന ബസ് സ്റ്റാൻഡിൽ തൃക്കൊടിത്താനം സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ്.
ഇവരുടെ കൊട്ടേഷൻ സംഘത്തിലുള്ളവരാണ് അറസ്റ്റിലായ മറ്റു നാലുപേരെന്നും പോലീസ് പറയുന്നു.ചങ്ങനാശേരി എസ്എച്ച്ഒ റിച്ചാർഡ് വർഗീസ്, എസ്ഐമാരായ ജയകൃഷ്ണൻ, ആർ. സുനിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.