സമൂഹമാധ്യമത്തിലൂടെ നേരിടുന്ന സൈബര്‍ അക്രമണങ്ങള്‍ക്കെതിരെ പ്രതികരിച്ച് ഗായിക രഞ്ജിനി ജോസ്.
ഒരു സുഹൃത്തിനൊപ്പം ഫോട്ടോ ഇട്ടാല്‍ പിന്നെ വരുന്നത് താന്‍ അവരുമായി ബന്ധത്തിലാണെന്നും കല്യാണം കഴിക്കാന്‍ പോവുകയാണെന്നും തരത്തിലുള്ള വാര്‍ത്തകളാണ്.
എങ്ങനെയാണ് ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതെന്നും ഇത്തരം വാര്‍ത്തകള്‍ കൊടുക്കുന്നവര്‍ക്കെതിരെ നിയമങ്ങള്‍ കൊണ്ടുവരണമെന്നും ഗായിക ആവശ്യപ്പെട്ടു. സമൂഹമാധ്യമത്തിലൂടെയാണ് താരം പ്രതികരണം നടത്തിയത്.
രഞ്ജിനിയുടെ വാക്കുകള്‍
നമ്മളെല്ലാവരും മനുഷ്യരാണ്. എന്റെ മാനസിക നില തകര്‍ന്നു നില്‍ക്കുകയാണ്. വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് പരത്തുന്നതിനാലാണ് ഈ വീഡിയോ. ഞങ്ങളും നിങ്ങളെപോലെ തന്ന ജോലി ചെയ്യുന്നവരാണ്.
മാതാപിതാക്കളും സുഹൃത്തുക്കളുമുള്ളവരാണ്. ഒരിക്കലും എന്റെ സ്വകാര്യത പുറത്തുകൊണ്ടുവരാന്‍ ഇഷ്ടപെടാത്ത ആളാണ് ഞാന്‍. എന്നാല്‍ കുറേക്കാലമായി എന്നെ തന്നെ ടാര്‍ഗറ്റ് ചെയ്യുകയാണ്.
ഒരു ആണിന്റെ കൂടെ ഒരു ഫോട്ടോ ഇട്ടുകഴിഞ്ഞാല്‍ ഞാന്‍ പിന്നെ അയാളുടെ കൂടെയാണെന്നും അയാളെ കല്ല്യാണം കഴിക്കാന്‍ പോവുകയാണെന്നും പറയുന്നു.
സ്വന്തം ചേച്ചിയെപോലെ കാണുന്ന ആളോടൊപ്പം ഒരു മാസികയുടെ മുഖചിത്രത്തില്‍ ഒരുമിച്ച് വന്നു.
പിന്നീട് കേള്‍ക്കുന്നത് നിങ്ങള്‍ ലെസ്ബിയനാണോ ഹോമോസെക്ഷ്വല്‍ ആണോ എന്നാണ്. മാസികയില്‍ ചോദിച്ചിരിക്കുന്നത് നിങ്ങള്‍ ഇനി വിവാഹം കഴിക്കുമോ എന്നാണ്.
അതില്‍ ഞങ്ങള്‍ രണ്ടുപേരും ഞങ്ങളുടെ നിലപാടാണ് വ്യക്തമാക്കിയിരിക്കുന്നത്. അവര്‍ ഏതെങ്കിലും ഒരാളെ വിവാഹം കഴിക്കുന്ന കാര്യവും ഞാന്‍ വേറെ ആരെയെങ്കിലും വിവാഹം കഴിക്കുന്ന കാര്യവുമാണ് പറഞ്ഞിരിക്കുന്നത്.
എന്നാല്‍ സിനിലൈഫ് എന്നൊരു മീഡിയയില്‍ വന്നത് ഇവര്‍ ലെസ്ബിയന്‍സോ എന്ന തലക്കെട്ടോടുകൂടിയാണ്. ഈ പറയുന്നവര്‍ക്ക് സഹോദരിമാരും സുഹൃത്തുക്കളും കാണുമല്ലോ.
അവിടെ എല്ലാത്തിന്റെയും അടിസ്ഥാനം ലൈംഗികതയാണോ. അതുമല്ലെങ്കില്‍ എന്തു വൃത്തികേടും എഴുതാമെന്നാണോ.
ഇത്തരം ഇടുങ്ങിയ ചിന്താഗതിയോട് കൂടിയാണോ നിങ്ങള്‍ വളര്‍ന്നത്. ഇതിനൊരു നിയമം കൊണ്ടുവരണം എന്നാണ് എന്റെ ആഗ്രഹം.
പ്രത്യേകിച്ച് കലാകാരന്മാരെ കുറിച്ച് അപവാദങ്ങൾ പടച്ചുവിടുന്നതില്‍ ഒരു നിയമം വേണം.നാട്ടുകാര്‍ക്കെങ്കിലും കുറച്ച് ബോധം വേണ്ടേ?
രണ്ട് സുഹൃത്തുക്കള്‍ ഒരുമിച്ച് സംസാരിച്ചാല്‍ കുറ്റം. ആളുകളെ മാനസികമായി ചൂഷണം ചെയ്യുന്നത് നിങ്ങളുടെ നേര്‍ക്കാണെങ്കില്‍ എങ്ങനെയായിരിക്കും. ആ ഒരു സമത്വം എന്തുകൊണ്ടാണ് ഞങ്ങള്‍ക്ക് നല്‍കാത്തത്.
വായില്‍ വരുന്നത് മുഴുവന്‍ എഴുതുന്നതിനെ തടയാന്‍ ഒരു നിയമം കൊണ്ടുവരണം. ഞാന്‍ ഇടുന്ന ഈ വീഡിയോയുടെ താഴെ ചേരാത്ത കമന്റുകളുമായി വന്നാല്‍ ഐപി അഡ്രസ് തേടി കണ്ടുപിടിച്ചാണേലും ഞാന്‍ നടപടിയിലേക്ക് കൊണ്ടുവരും.