കൊച്ചി: നടിയെ ആക്രമിച്ച് അശ്ലീലദൃശ്യം പകര്‍ത്തിയ കേസില്‍ പ്രതിയായ നടന് ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി.
നേരത്തെ ഈയാവശ്യമുന്നയിച്ച് ക്രൈംബ്രാഞ്ച് നല്കിയ ഹര്‍ജി വിചാരണക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
ദിലീപിന് ഈ കേസില്‍ ജാമ്യം അനുവദിച്ചപ്പോള്‍ തെളിവുകള്‍ നശിപ്പിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ കേസിലെ സാക്ഷികളെ സ്വാധീനിച്ചതിനും തെളിവുകള്‍ നശിപ്പിച്ചതിനും തുടരന്വേഷണത്തില്‍ തെളിവു ലഭിച്ചെന്ന് ഹര്‍ജിയില്‍ പറയുന്നു.
വിപിന്‍ലാല്‍, ദാസന്, സാഗര്‍ വിന്‍സെന്റ്, ഡോ. ഹൈദരാലി, ശരത്, ജിന്സന് തുടങ്ങി പത്തോളം സാക്ഷികളെ ദിലീപ് സ്വാധീനിച്ചെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.
ദിലീപിന്റെയും കുടുംബാംഗങ്ങളുടെയും ഫോണുകളിലെ നിര്‍ണായക വിവരങ്ങള്‍ നശിപ്പിച്ചതിനും തെളിവുകളുണ്ട്.
ഇവയൊക്കെ ശരിയായി വിലയിരുത്താതെയാണ് വിചാരണക്കോടതി ഹര്‍ജി തള്ളിയതെന്ന് ക്രൈംബ്രാഞ്ച് ആരോപിക്കുന്നു. സാക്ഷികളെ സ്വാധീനിച്ചതിന് തെളിവായി ചില ശബ്ദരേഖകള്‍ ഹാജരാക്കിയിരുന്നു.
ഇവയുടെ ആധികാരികത ഉറപ്പാക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നും ജാമ്യം റദ്ദാക്കാന്‍ പര്യാപ്തമായ തെളിവുകള്‍ ഹാജരാക്കിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വിചാരണക്കോടതി ക്രൈംബ്രാഞ്ചിന്റെ ആവശ്യം നേരത്തെ നിരസിച്ചത്.