സെബി മാത്യു
ന്യൂഡൽഹി: കേരളത്തിൽ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ ഭൂഗർഭജലത്തിൽ അപകടകരമായ വിഷാംശങ്ങളുടെ സാന്നിധ്യം ആശങ്കാജനകമാണെന്നു കേന്ദ്ര ഭൂഗർഭ ജല ബോർഡിന്റെ റിപ്പോർട്ട്.
ഒട്ടുമിക്ക സംസ്ഥാനങ്ങളിലെയും ഭൂരിപക്ഷ ജില്ലകളിലും പ്രശ്നമുണ്ട്. പുതിയ കണക്കുകൾ പ്രകാരം രാജ്യത്തെ 80 ശതമാനം ജനങ്ങളും വിഷാംശം കലർന്ന ജലമാണ് കുടിക്കുന്നതെന്നും കേന്ദ്ര ജലശക്തി മന്ത്രാലയം രാജ്യസഭയിൽ വ്യക്തമാക്കി.
25 സംസ്ഥാനങ്ങളിലെ 209 ജില്ലകളിൽ ഭൂഗർഭജലത്തിൽ ആഴ്സെനിക്കിന്റെ അളവ് 0.01മില്ലിഗ്രാം/ ലിറ്റർ എന്നതിലും കൂടുതലാണ്.
29 സംസ്ഥാനങ്ങളിലെ 491 ജില്ലകളിൽ ജലത്തിൽ ഇരുന്പിന്റെ അളവ് ലിറ്ററിന് ഒരു മില്ലിഗ്രാമിൽ അധികമാണ്.
പതിനൊന്നു സംസ്ഥാനങ്ങളിലെ 29 ജില്ലകളിലെ ഭൂഗർഭ ജലത്തിൽ കാഡ്മിയത്തിന്റെ അളവ് 0.003 മില്ലിഗ്രാം പെർ ലിറ്ററാണ്.
പതിനാറു സംസ്ഥാനങ്ങളിലെ 62 ജില്ലകളിൽ ക്രോമിയത്തിന്റെ അളവ് ലിറ്ററിന് 0.05മില്ലിഗ്രാമിൽ ഏറെ എന്ന തോതിലാണ്.
പതിനെട്ടു സംസ്ഥാനങ്ങളിലെ 152 ജില്ലകളിൽ ഭൂഗർഭ ജലത്തിൽ യുറേനിയത്തിന്റെ അളവ് ലിറ്ററിന് 0.03 മില്ലിഗ്രാമിലും കൂടുതലാണ്.
കേരളത്തിൽ
കേരളത്തിൽ പരിശോധന നടത്തിയ ഒരു ജില്ലയിൽ ആഴ്സനിക്കിന്റെയും 15 ജില്ലകളിൽ ഇരുന്പിന്റെയും നാല് ജില്ലകളിൽ ലെഡിന്റെയും ഒരു ജില്ലയിൽ ക്രോമിയത്തിന്റെയും അളവ് കൂടുതലാണ്.
സംസ്ഥാനത്തെ അഞ്ചു ജനവാസ മേഖലകളിലെ കുടിവെള്ള സ്രോതസുകളിൽ ഫ്ളൂറൈഡിന്റെയും 61 സ്ഥലങ്ങളിൽ ഇരുന്പിന്റെയും എട്ടിടങ്ങളിൽ നൈട്രേറ്റിന്റെയും അളവ് കൂടുതലാണ്. 18 സ്ഥലങ്ങളിൽ ഉപ്പിന്റെ അംശം കൂടുതലാണ്.
അളവിൽ കവിഞ്ഞ് വിഷം
ജൽശക്തി മന്ത്രാലയത്തിന്റെ വിവരങ്ങൾ അനുസരിച്ച് 25 സംസ്ഥാനങ്ങളിലെ 209 ജില്ലകളിൽ ആഴ്സനിക്കും 18 സംസ്ഥാനങ്ങളിലെ 152 ജില്ലകളിൽ യുറേനിയത്തിന്റെയും അളവും മാരകമായ വിധം കൂടുതലാണ്.
വിവിധ വിഷാംശഘടകങ്ങൾ ഏറെയും കണ്ടെത്തിയ ജനവാസ മേഖലകളും സർക്കാർ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
671 മേഖലകളിൽ ഫ്ളൂറൈഡിന്റെ അംശവും 814 സ്ഥലങ്ങളിൽ ആഴ്സെനിക്കിന്റെയും 14,079 മേഖലകളിൽ ഇരുന്പിന്റെയും, 9,930 മേഖലകളിൽ ഉപ്പിന്റെയും, 517 മേഖലകളിൽ നൈട്രേറ്റിന്റെയും അളവ് കൂടുതലാണ്.
നഗരങ്ങളെ അപേക്ഷിച്ച് കൂടുതൽ ഗുരുതരാവസ്ഥ ഗ്രാമപ്രദേശങ്ങളിലാണ് കണ്ടെത്തിയിട്ടുള്ളത്.
ഗുരുതര രോഗങ്ങളിലേക്ക്
ആരോഗ്യ മന്ത്രാലയത്തിന്റെ മാനദണ്ഡപ്രകാരം ഒരാൾ ഒരുദിവസം ശരാശരി രണ്ടു ലിറ്റർ വെള്ളമെങ്കിലും കുടിക്കണമെന്നാണ്.
നിലവിലെ സാഹചര്യത്തിൽ പ്രതിദിനം രണ്ടു ലിറ്റർ വെള്ളം കുടിക്കുന്ന ആളുടെ ഉള്ളിലെത്തുന്ന അപകടകരമായ രാവസ്തുക്കളുടെ അളവും കൂടുതലാണ്.
പദ്ധതികളിൽ പ്രതീക്ഷ
ഇത്രയും അപകടകരമായ സാഹചര്യത്തിലും കുടിവെള്ളം സംസ്ഥാന വിഷയം ആണെന്ന ന്യായവാദമാണ് സർക്കാർ മുന്നോട്ടു വയ്ക്കുന്നത്.
എങ്കിലും കേന്ദ്ര, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകൾ വിവിധ നടപടികൾ എടുക്കുന്നുണ്ടെന്നും സർക്കാർ പറയുന്നു.
കഴിഞ്ഞ വർഷം ജൂലൈയിൽ സർക്കാർ ലോക്സഭയിൽ വ്യക്തമാക്കിയതനുസരിച്ച് 2019ൽ തന്നെ ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കാനുള്ള ജൽജീവൻ മിഷൻ തുടങ്ങി എന്നാണ്.
2024 ആകുന്പോഴേക്കും എല്ലാ വീടുകളിലും പദ്ധതിയനുസരിച്ച് കുടിവെള്ളം എത്തിക്കുമെന്നാണ് കേന്ദ്രസർക്കാരിന്റെ വാഗ്ദാനം.