വാഷിംഗ്ടൺ ഡിസി: അൽ-ഖ്വയ്ദ തലവൻ അയ്മൻ അൽ സവാഹിരി(71) അഫ്ഗാനിസ്ഥാനിലെ കാബൂളിൽ ശനിയാഴ്ച വൈകുന്നേരം യുഎസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വൈറ്റ്ഹൗസിൽ നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
അമേരിക്കയിൽ മൂവായിരത്തോളം പേർ കൊല്ലപ്പെട്ട വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനാണു കൊടുംഭീകരനായ സവാഹിരി.
2011ൽ പാക്കിസ്ഥാനിൽവച്ച് ഉസാമ ബിൻ ലാദൻ കൊല്ലപ്പെട്ടശേഷം അൽ -ഖ്വയ്ദയുടെ നേതൃത്വം സവാഹിരി ഏറ്റെടുക്കുകയായിരുന്നു
അമേരിക്കൻ ചാരസംഘടനയായ സിഐഎയുടെ നേതൃത്വത്തിലായിരുന്നു സവാഹിരിയെ വധിച്ചത്. യുഎസ് ഇന്റലിജൻസ് സംഘത്തിന്റെ നീക്കങ്ങളെല്ലാം പ്രസിഡന്റ് ജോ ബൈഡൻ അറിഞ്ഞിരുന്നു.
ജൂലൈ 25നാണ് ആക്രമണത്തിനുള്ള അന്തിമ ഉത്തരവ് ബൈഡൻ നല്കിയത്. “”നീതി നടപ്പായി, ആ ഭീകരനേതാവ് ഇനിയില്ല. തീവ്രവാദത്തിനെതിരേ നടത്തിയ പോരാട്ടം വിജയം കണ്ടു”-ജോ ബൈഡൻ പറഞ്ഞു.
കാബൂളിലെ വസതിയിൽ കുടുംബത്തോടൊപ്പമായിരുന്നു ഇയാൾ കഴിഞ്ഞിരുന്നത്. ഹഖാനി ശൃംഖല നേതാവ് സിറാജുദ്ദീൻ ഹഖാനിയുടെ സഹായിയുടെ ഉടമസ്ഥതയിലുള്ളതാണു ഷേർപുർ മേഖലയിലെ ഈ വീട്.
വീടിന്റെ ബാൽക്കണിയിലായിരുന്ന സവാഹിരിയുടെ നേർക്ക് രണ്ടു മിസൈലുകൾ ഡ്രോൺ തൊടുക്കുകയായിരുന്നു.
ആക്രമണത്തിൽ സവാഹിരി കൊല്ലപ്പെട്ടു. കുടുംബാംഗങ്ങൾ അവിടെയുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റില്ല. വീട്ടിനുള്ളിൽ മിസൈൽ പതിച്ചെങ്കിലും കാര്യമായ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല.
പ്രഹരശേഷി കുറവാണെങ്കിലും കൃത്യമായി ലക്ഷ്യത്തിലെത്തുന്ന ഹെൽഫയർ ആർ9എക്സ് മിസൈലാണ് അമേരിക്ക ഉപയോഗിച്ചതെന്നാണു റിപ്പോർട്ട്.
കാബൂളിലെ വസതിയിൽ സവാഹിരി കുടുംബവുമൊത്തു കഴിയുന്നതു മാസങ്ങൾക്കു മുന്പേ അമേരിക്കൻ ഇന്റലിജൻസ് കണ്ടെത്തിയിരുന്നു. മാസങ്ങൾ നീണ്ട ആസൂത്രണത്തിനു ശേഷമാണു സവാഹിരിയെ യുഎസ് വധിച്ചത്.
ഈജിപ്ഷ്യൻ സർജനായ സവാഹിരിയുടെ തലയ്ക്ക് 2.5 കോടി യുഎസ് ഡോളർ വിലയിട്ടിരുന്നു. ഈജിപ്തിലെ പ്രമുഖ കുടുംബാംഗമാണു സവാഹിരി.