ബെർമിംഗ്ഹാം: കോമണ്‍വെൽത്ത് ഗെയിംസിൽ ചരിത്രമെഴുതി ഇന്ത്യൻ വനിതാ ലോണ്‍ ബോൾ ടീം. ഫോർസ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യ സ്വർണമണിഞ്ഞു.
കോമണ്‍വെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ വനിതാ ലോണ്‍ ബോൾ ടീം ആദ്യമായാണ് മെഡൽ സ്വന്തമാക്കുന്നത്. 17-10 എന്ന സ്കോറിന് ഇന്ത്യൻ വനിതകൾ ഫൈനലിൽ വെന്നിക്കൊടി പാറിച്ചു.
ലവ്ലി ചൗബെ, നയൻമോനി സൈക്കിയ, രൂപ റാണി ടിർകി, പിങ്കി എന്നിവരാണ് ഇന്ത്യക്കായി ലോണിൽ ചരിത്രം കുറിച്ചത്. സെമിയിൽ കരുത്തരായ ന്യൂസിലൻഡിനെ 16-13ന് അട്ടിമറിച്ചായിരുന്നു ഇന്ത്യയുടെ ഫൈനൽ പ്രവേശം.
ലോണ്‍ ബോൾ അടുത്തറിയാം
ലോണ്‍ ബോൾ എന്ന മത്സരം കോമണ്‍വെൽത്ത് ഗെയിംസ് ആരംഭിച്ച 1930 മുതൽ അരങ്ങേറുന്നു. ഒരു ചെറിയ ഗോളവുംു വലിയ ഗോളങ്ങളും പച്ചപ്പുള്ള മത്സര പ്രതലവുമാണ് ലോണ്‍ ബോളിനു വേണ്ടത്.
ഗോളങ്ങളുടെ രണ്ടു ഭാഗങ്ങൾ ചെറുതായി പരന്നിരിക്കും. ചെറിയ ഗോളത്തെ ജാക്ക് അല്ലെങ്കിൽ കിറ്റി എന്നാണ് വിളിക്കുന്നത്. ചെറിയ ഗോളത്തിന് അടുത്ത് വലിയ ഗോളങ്ങൾ എത്തിക്കുക എന്നതാണ് കളി.
സിംഗിൾസ്, ഡബിൾസ്, ട്രിപ്പിൾസ്, ഫോർസ് എന്നിങ്ങനെ നാലു വിഭാഗങ്ങളിലായി കളിക്കാം. ഒരു ഭാഗം ഭാരം കൂടിയ രീതിയിലാണ് ബോൾസ്. അതായത് ഉരുട്ടുന്പോൾ നേർരേഖയിൽ സഞ്ചരിക്കണമെന്നില്ല.
കളി ഇങ്ങനെ
ടോസ് ജയിച്ച ടീം ത്രോ ചെയ്തു വച്ച ജാക്ക് എന്നു പേരുള്ള ചെറിയ ബോളിന് അടുത്തെത്തിക്കുക എന്നതാണ് ലക്ഷ്യം. ആരുടെ ബോൾ ആണോ ഏറ്റവും അടുത്തെത്തുന്നത് അയാൾക്ക് പോയിന്റ് ലഭിക്കും.
ഏതാണ്ട് ഒന്നര കിലോഗ്രാമാണ് ഒരു ബോളിന്റെ ഭാരം. ലോണിനെ ചുറ്റി 15 എൻഡുകളിൽ നിന്നാണ് മത്സരം. ഓരോ എൻഡിലും ഒരു ടീമിന് എട്ട് ത്രോകൾ വീതം ഉണ്ട്.
എതിർ ടീമിനെക്കാൾ എത്ര ബോൾസ് ജാക്കിന് അടുത്തെത്തിച്ചു എന്നതിനനുസരിച്ച് പോയിന്റ് ലഭിക്കും.