കാഞ്ഞിരപ്പള്ളി: 26-ാം മൈൽ വലിയകുന്നത്ത് വീട്ടിൽ വി. എ ഷാജി, പാറത്തോട് മുക്കാലി സ്വദേശി ഷാ നിവാസിൽ അൻഷാദ് ഇസ്മായിൽ എന്നിവർ അഗതി മന്ദിരങ്ങളിൽ ഭക്ഷണമെത്തിക്കാൻ തുടങ്ങിയിട്ട് അഞ്ചു വർഷം പിന്നിടുന്നു.
പത്തു വീതം പൊതിച്ചോറുകള്‍ വീട്ടില്‍ തയ്യാറാക്കി അഗതി മന്ദിരങ്ങളിൽ എത്തിച്ച് തുടങ്ങിയ കരുതലാണ്.
സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും, സഹകരണത്തോടെ ഇന്ന് 450 പൊതിച്ചോറിലും 120 പ്രഭാത ഭക്ഷണ പൊതികളിലും എത്തി നിൽക്കുന്നു.
എല്ലാ രണ്ടാം ശനിയാഴ്ചകളിലുമാണ് ഇവർ അനാഥർക്കായി ഭക്ഷണം എത്തിച്ചു നൽകുന്നത്.
ഷാജി, കാഞ്ഞിരപ്പള്ളിയിൽ സ്പെയർപാട്സ് കട നടത്തുകയാണ്. അൻഷാദ് ഇസ്മായിൽ ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സണായി ജോലി ചെയ്യുന്നു.
തുടക്കം
അഞ്ചു വർഷം മുമ്പാണ് നന്മയുടെ പൊതിച്ചോറിലേക്കുള്ള ഇവരുടെ തുടക്കം. വഴിയരികിൽ വിശപ്പ് സഹിക്കാതെ മണ്ണ് വാരി ഭക്ഷിക്കുന്ന മനോരോഗിയെ കണ്ടിട്ട് ഷാജി സ്കൂളിൽ പോകുന്ന മകന്റെ ഭക്ഷണ പൊതി എടുത്ത് നൽകുകയും,
ഈ കാര്യം തന്റെ ഉറ്റ സുഹൃത്തായ അന്‍ഷാദിനോട് പങ്കുവയ്ക്കുകയും ചെയ്തു. ഇതോടെ മാസത്തില്‍ ഒരു ദിവസമെങ്കിലും അശരണരായവര്‍ക്ക് ഭക്ഷണമെത്തിക്കുവാൻ അവര്‍ തീരുമാനിച്ചു. ഇതിന് കുടുംബാംഗങ്ങളുടെ പരിപൂർണ സഹകരണവും കിട്ടി.
ഇവരോടൊപ്പം ചേനപ്പാടി സ്വദേശി ജയൻ ജോസഫും, അമൽജ്യോതി കോളജിലെ അധ്യാപകനായ റോണിയും കൂടി. തുടർന്ന് മറ്റ് സുഹൃത്തുക്കളും സഹായവുമായി ഒപ്പമെത്തി.
പൊതിച്ചോറുകൾ ശേഖരിക്കുന്നതിനും, അർഹരിൽ എത്തിക്കുന്നതിനും അസ്ലം ഷാജിയും, ആഷിഫ് ഷാജിയും വോളണ്ടിയേഴ്സ് ആയി മുന്നിൽ നിൽക്കുന്നു.
കാഞ്ഞിരപ്പള്ളി ബത്ലഹേം ഭവൻ, ഇഞ്ചിയാനി സ്നേഹദീപം, കുന്നും ഭാഗം സാൻജിയോ ഭവൻ ആശ്രമം, നല്ല ശമരിയാൻ ആശ്രമം എന്നിവിടങ്ങളിലും വഴിയോരങ്ങളിൽ കാണുന്ന ഏതൊരു അർഹതപ്പെട്ടവർക്കും ഇവർ ഭക്ഷണം എത്തിക്കുന്നു.
ഒറ്റപ്പെടലിന്റെ വേദനയിൽ കഴിയുന്ന അനാഥർക്ക് മുന്നിൽ സ്നേഹത്തിന്റെ കരുതലുമായി എത്തുന്ന ഇവർ മറ്റുള്ളവർക്കും ഒരു മാതൃകയാണ്.