കൽപ്പറ്റ: മുന്നിൽനിന്നു സൈനിക യൂണിഫോമിൽ പുഞ്ചിരിതൂകുന്ന മകൾ ആൻ റോസ് മാത്യു. എറണാകുളം ഇടപ്പള്ളി ടിടിഐ അധ്യാപികയായിരുന്ന ബീന മാത്യുവിന്റെ സ്വപ്നങ്ങളിൽ ഒന്നായിരുന്നു ഇത്.
കഴിഞ്ഞ ഏപ്രിലിൽ അർബുദവുമായി പൊരുതിത്തോറ്റ ബീനയുടെ സ്വപ്നം നിറവേറ്റാൻ ആൻ റോസ് നാഷണൽ ഡിഫൻസ് അക്കാഡമിയിലേക്കു(എൻഡിഎ)പുറപ്പെടുന്പോൾ അഭിമാനം വെട്ടിത്തിളയ്ക്കുകയാണ് വയനാട്ടുകാരിലും.
മാനന്തവാടി പയ്യന്പള്ളി കുറുക്കൻമൂല സ്വദേശിനിയാണ് എറണാകുളം മോഡൽ എൻജിനിയറിംഗ് കോളജിൽ ഒന്നാം വർഷ ബിടെക് വിദ്യാർഥിനിയായിരിക്കെ എൻഡിഎയിൽ മിലിട്ടറി ഓഫീസർ സെലക്ഷൻ ലഭിച്ച ആൻ റോസ്.
കൊച്ചി സതേണ്‍ നേവൽ കമാൻഡിലെ കമാൻഡർ മാത്യു പി. മാത്യുവാണ് ആൻ റോസിന്റെ പിതാവ്. കുറുക്കൻമൂല പൊൻപാറയ്ക്കൽ പരേതനായ പി.എം. മാത്യുവിന്റെയും അന്നമ്മയുടെയും മകനാണ് ഇദ്ദേഹം.
കഠിന പരീക്ഷകൾ
സൈനിക യൂണിഫോമിൽ പിതാവിനെ കാണാൻ തുടങ്ങിയ കുഞ്ഞുന്നാളിലേ ആൻ റോസിൽ മൊട്ടിട്ടതാണ് സൈനിക സേവനത്തിനുള്ള ആഗ്രഹം.
നാഷണൽ ഡിഫൻസ് അക്കാഡമി അതിന്റെ ചരിത്രത്തിൽ ആദ്യമായി മിലിട്ടറി ഓഫീസറാകുന്നതിനു പെണ്‍കുട്ടികൾക്കു മുന്നിൽ വാതിൽ തുറന്നപ്പോൾ കഠിന പരീക്ഷകളിലൂടെ സെലക്ഷൻ നേടി ആൻ റോസും ആ ചരിത്രത്തിന്റെ ഭാഗമായി.
രാജ്യവ്യാപകമായി മിലിട്ടറി ഓഫീസർ സെലക്ഷനു 1.77 ലക്ഷം പെണ്‍കുട്ടികളാണ് പരീക്ഷ എഴുതിയത്.
ഇതിൽ കേരളത്തിൽനിന്നു ലക്ഷ്യം കണ്ട രണ്ടു പെണ്‍കുട്ടികളിൽ ഒരാൾ എന്നതു ആൻ റോസിന്റെ നേട്ടത്തിന്റെ കാന്തി കൂട്ടുകയാണ്.
തൃശൂരിൽനിന്നുള്ള ശ്രീലക്ഷ്മി ഹരിദാസാണ് സംസ്ഥാനത്തു സെലക്ഷൻ ലഭിച്ച രണ്ടാമത്തെ പെണ്‍കുട്ടി.
താത്പര്യം ആർമി
ആർമി-10, എയർ ഫോഴ്സ്-ആറ്, നേവി-മൂന്ന് എന്നിങ്ങനെ ആകെ 19 സീറ്റുകളാണ് എൻഡിഎ പെണ്‍കുട്ടികൾക്കായി നീക്കിവച്ചത്. 2021 നവംബറിലായിരുന്നു പ്രവേശന പരീക്ഷ.
എഴുത്തുപരീക്ഷയ്ക്കും അഞ്ച് സെലക്ഷൻ ട്രയൽസിനുംശേഷം അക്കാഡമി തയാറാക്കിയ 60 പെണ്‍കുട്ടികളുടെ മെരിറ്റ് പട്ടികയിൽ ഏഴാം സ്ഥാനത്തായിരുന്നു ആൻ റോസ്.
പന്ത്രണ്ടാം സ്ഥാനത്തായിരുന്നു ശ്രീലക്ഷ്മി. 462 പേരടങ്ങിയ പൊതു പട്ടികയിൽ 52-ാം സ്ഥാനമുള്ള ആൻ റോസിനു ആർമിയിൽ സേവനം ചെയ്യുന്നതിലാണ് കൂടുതൽ താത്പര്യം.