കണ്ണൂർ: സഹകരണ സംഘം ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ കോൺഗ്രസ് നേതാവ് പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങിയേക്കും.
കണ്ണൂർ കോർപറേഷനിലെ 36ാം വാർഡ് കൗൺസിലറായ പി.വി. കൃഷ്ണകുമാറിനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
മാനന്തവാടിയിലാണ് കൗൺസിലർ ഒളിവിൽ കഴിയുന്നതെന്നാണ് പോലീസിന് ലഭിച്ച സൂചന. മാനന്തവാടിയിൽ പോയി ഒളിസങ്കേതം കണ്ടെത്തി കൗൺസിലറെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്.
ഇതിനായി മാനന്തവാടി പോലീസിന്റെ സഹായം പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. അതേസമയം, പോലീസ് അറസ്റ്റ് ചെയ്യുന്നതിന് മുന്നെ നേരിട്ടെത്തി കീഴടങ്ങാനുള്ള നീക്കം കൃഷ്ണകുമാർ വക്കീൽ മുഖേന നടത്തുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
ഉടൻ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങാനാണ് സാധ്യത. നിലവിൽ കൃഷ്ണകുമാർ ഒളിവിൽ കഴിയാനുള്ള സാധ്യതയുള്ള സ്ഥലങ്ങളെല്ലാം പോലീസ് പരിശോധിച്ചു കഴിഞ്ഞു.
ഒളിവിൽ പോകാൻ ആരുടെയെങ്കിലും സഹായം ഇയാൾക്ക് ലഭിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
സഹകരണ സംഘം ജീവനക്കാരിയെയാണ് കൃഷ്ണകുമാർ പീഡിപ്പിക്കാൻ ശ്രമിച്ചത്. യുവതിയുടെ പെരുമാറ്റത്തിലെ മാറ്റം ശ്രദ്ധയിൽപെട്ട ബന്ധുക്കൾ കാര്യമന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
തുടർന്ന് എടക്കാട് പോലീസിൽ പരാതി നൽകുകയായിരുന്നു. പീഡന പരാതി ഉയർന്നതോടെ ഒളിവിൽ പോയ കൃഷ്ണകുമാറിനെ കോൺഗ്രസ് പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ,കൗൺസിലർ സ്ഥാനത്തു നിന്നു നീക്കാത്തതിൽ പ്രതിഷേധം ശക്തമാണ്.