വഴില് കണ്ട ചിലന്തിയെ ഒന്ന് കൊല്ലാന്‍ ശ്രമിച്ച് പുലിവാല് പിടിച്ചിരിക്കുകയാണ് അമേരിക്കയിലെ യൂട്ടാ സംസ്ഥാനത്തുള്ള ഒരു യുവാവ്.
തന്റെ ലൈറ്റര്‍ ഉപയോഗിച്ച് ചിലന്തിയെ കത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ കാട്ടുതീ സൃഷ്ടിച്ചുവെന്നാരോപിച്ചാണ് കോറി അലന് മാര്ട്ടിന് എന്ന 26 കാരനെ പോലീസ് പിടികൂടിയത്.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. സ്പ്രിംഗ്വില്ലെ നഗരത്തിനടുത്തുള്ള സാള്‍ട്ട് ലേക്ക് സിറ്റിയുടെ തെക്ക് താഴ്വരയിലൂടെ താന്‍ നടക്കുമ്പോള്‍ ഒരു ചിലന്തിയെ കണ്ടിരുന്നെന്ന് മാര്ട്ടിന് പോലീസിനോട് പറഞ്ഞു. അതിനെ കൊല്ലാനായിട്ടാണ് തീയിട്ടതെന്ന് മാര്ട്ടിന് പറയുന്നു.
യൂട്ടായുടെ ഭൂരിഭാഗവും കടുത്ത വരള്‍ച്ച നേരിടുന്ന സാഹചര്യമായതിനാല്‍ പ്രദേശത്ത് തീ പെട്ടെന്ന് പടര്‍ന്നു. മാത്രമല്ല തീ അതിവേഗം പര്‍വതത്തിലേക്ക് പടരുകയും ചെയ്തു.
ചൊവ്വാഴ്ച വരെ ഒരു ചതുരശ്ര കിലോമീറ്ററില്‍ വരെ തീ കത്തുകയും ചെയ്തു. ഭാഗ്യവശാല്‍ വീടുകള്‍ക്കൊന്നും കേടുപാടുകള്‍ സംഭവിച്ചില്ല.
എന്നാൽ എന്തിനാണ് ചിലന്തിയെ കത്തിക്കാന്‍ ഇയാൾ ശ്രമിച്ചതെന്ന് വിശദീകരിക്കുന്നില്ലെന്ന് അധികൃതര്‍ പറഞ്ഞു. മാത്രമല്ല ഇയാളുടെ പക്കല്‍ നിന്ന് മയക്കുമരുന്നും പോലീസ് കണ്ടെത്തി.
ഇതോടെ തീയിട്ടതിനു പുറമെ കഞ്ചാവും മയക്കുമരുന്ന് സാമഗ്രികളും കൈവശം വച്ചതിനും കൂടെ മാര്‍ട്ടിനെ പോലീസ് അറസ്റ്റ് ചെയ്തു.