സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരിയിൽ ആളില്ലാത്ത വീട് കുത്തിത്തുറന്നു വൻ കവർച്ച. 90 പവനും 48,000 രൂപയും മോഷണം പോയി.
മന്തൊണ്ടിക്കുന്ന് ശ്രീഷ്മം ശിവദാസന്റെ വീടാണു കുത്തിത്തുറന്ന് കവർച്ച നടത്തിയത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ബത്തേരി ടൗണിനോടു ചേർന്ന സ്ഥലത്ത് നടന്ന കവർച്ച ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഏഴോടെ ശിവദാസനും കുടുംബവും പെരിന്തൽമണ്ണയിലുള്ള ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയതായിരുന്നു.
ഇന്നലെ രാത്രി ഏഴോടെ തിരിച്ചെത്തിയപ്പോഴാണു വീട് കുത്തിത്തുറന്ന നിലയിൽ കണ്ടത്. തുടർന്ന് പരിശോധിച്ചപ്പോഴാണ് ബെഡ് റൂമൂകളിലെ അലമാരകളിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും നഷ്ടപ്പെട്ടതായി മനസിലായത്.
മുകളിലത്തെ നിലയിലെ മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും താഴത്തെ മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പണവുമാണു നഷ്ടപ്പെട്ടത്.
മുൻഭാഗത്തെ വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. അലമാരയിൽനിന്നു സാധനങ്ങളെല്ലാം വലിച്ചുവാരി താഴെയിട്ടിട്ടുണ്ട്. ആഭരണങ്ങളും പണവും എടുത്തതിനുശേഷം ഇവ സൂക്ഷിച്ച കവറും മറ്റും വീടിനു മുറ്റത്തെ മൂലയിൽ വിതറിയ നിലയിലാണ്.
ബംഗളൂരുവിൽ താമസിക്കുന്ന മകനു ഫ്ളാറ്റ് വാങ്ങുന്നതിനു സ്വരൂപിച്ചുവച്ചിരുന്ന സന്പാദ്യമാണു മോഷ്ടാക്കൾ കവർന്നതെന്നു ശിവദാസൻ പറഞ്ഞു.
പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
വീടിനു സമീപത്തെ വീട്ടിലും കടയിലും ഉള്ള സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. ജില്ലാ പോലീസ് മേധാവി ആർ.
ആനന്ദ് സ്ഥലം സന്ദർശിച്ചു. ഡിവൈഎസ്പി കെ.കെ. അബ്ദുൾ ഷരീഫിന്റെ നേതൃത്വത്തിൽ പോലീസ് ഇൻസ്പെക്ടർ കെ.വി. ബെന്നി, സബ് ഇൻസ്പെക്ടർ ഷജിം എന്നിവരടക്കമുള്ള സംഘമാണ് അന്വേഷണത്തിനു നേതൃത്വം നൽകുന്നത്.