ബ്രസീലിയന്‍ ഹള്‍ക്ക് എന്നറിയപ്പെടുന്ന ബോഡി ബില്‍ഡല്‍ വാല്‍ഡിര്‍ സെഗാറ്റോയ്ക്ക് തന്റെ 55-ാം ജന്മദിനത്തില് ദാരുണാന്ത്യം.
ബ്രസീലുകാരനായ സെഗാറ്റോ വര്‍ഷങ്ങളായി മസില് പെരുപ്പിക്കാനായി മാരകമായേക്കാവുന്ന സിന്തോള് കുത്തിവയ്പ്പുകള്‍ എടുക്കുന്നുണ്ടായിരുന്നു.
ഇത് സ്ഥിരമായി ഉപയോഗിക്കുന്നത് സ്ട്രോക്ക്, മാരകമായ അണുബാധ എന്നിവയ്ക്ക് കാരണമാകാറുണ്ട്.
എന്നാല്‍ ഇതിന്റെ ദോഷവശം മനസ്സിലാക്കിയിട്ടും മസില് ഉണ്ടാക്കാനുള്ള ആഗ്രഹം കൊണ്ട് തന്റെ കൈകാലുകള്‍, പെക്റ്ററലുകള്‍, പുറം പേശികള്‍ എന്നിവയില്‍ ദിവസവും സിന്തോള് കുത്തിവയ്ക്കുകയാണ് സെഗാറ്റോ ചെയ്തത്.
ഹള്‍ക്ക്, ബോളിവുഡ് താരം അര്‍നോള്‍ഡ് ഷ്വാര്‍സെനെഗര്‍ എന്നിവരെ പോലെ മസിലുള്ള ഒരു ശരീരമായിരുന്നു സെഗാറ്റോയുടെ സ്വപ്നം.
അതിനായി അയാള്‍ ദിവസവും അപകടകരമായ പരീക്ഷണങ്ങള്‍ക്ക് വിധേയനായി. രൂപം കണ്ട് ആളുകള്‍ അയാളെ ‘രാക്ഷസന്’ എന്നാണ് വിളിച്ചിരുന്നത്.
49 -ാമത്തെ വയസ്സില്‍ ഡോക്ടര്‍മാര്‍ ഇനിയും ഈ രീതി തുടര്‍ന്നാല്‍ ഞരമ്പുകള്‍ എന്നേക്കുമായി തകരാറിലാകുമെന്നും, പിന്നീട് ബാധിക്കപ്പെട്ട ഭാഗം മുറിച്ച് മാറ്റേണ്ടി വരുമെന്നും അയാളോട് പറഞ്ഞു.
എന്നാല്‍, ഈ മുന്നറിയിപ്പുകളൊന്നും സെഗോറ്റോയെ ഉദ്യമത്തില്‍ നിന്ന് പിന്തിരിപ്പിച്ചില്ല. ടിക്ടോക്കില്‍ 1.6 മില്യണ്‍ ഫോളോവേഴ്സുണ്ടായിരുന്ന താരമായിരുന്നു സെഗാറ്റോ.
അതുകൊണ്ട് തന്നെ അയാള്‍ തന്റെ മസിലുകള്‍ കൂടുതല്‍ വലുതാക്കാന്‍ ആഗ്രഹിച്ചു. സ്വയം കുത്തിവയ്ക്കാന്‍ തുടങ്ങിയതിന് ശേഷം അയാളുടെ ബൈസെപുകള് 23 ഇഞ്ച് വരെ ഉയര്‍ന്നു.
തന്റെ ശരീരമാറ്റത്തിന്റെ ചിത്രങ്ങള്‍ അയാള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ഇന്‍സ്റ്റാഗ്രാമില്‍ ‘വാല്‍ദിര്‍ സിന്തോള്’ എന്ന് സ്വയം വിളിക്കുകയും ചെയ്തു.
ശ്വാസതടസ്സത്തെ തുടര്‍ന്നാണ് സെഗാറ്റോയെ മരണദിവസം ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ അവിടെ എത്തിയതും അയാള്‍ക്ക് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
സിന്തോള് ഉപയോഗിക്കാന്‍ തുടങ്ങിയതിന് ശേഷം സെഗാറ്റോയ്ക്ക് അതിനോട് വലിയ താല്പര്യമായി. സിന്തോളില് സാധാരണയായി എണ്ണ, ബെന്‍സില്‍ ആല്‍ക്കഹോള്‍, ലിഡോകൈന്‍ എന്നിവയുടെ മിശ്രിതം ആണ് അടങ്ങിയിരിക്കുന്നത്.
ഇത് സ്ഥിരമായി ഉപയോഗിക്കുന്നത് ഞരമ്പുകള്‍ക്ക് കേടുപാടുകള്‍, ശ്വാസകോശത്തിലെ സങ്കീര്‍ണതകള്‍, ശ്വാസകോശ ധമനിയുടെ തടസ്സം, മയോകാര്‍ഡിയല്‍ ഇന്ഫ്രാക്ഷന്, സെറിബ്രല്‍ സ്ട്രോക്ക് എന്നിവയ്ക്ക് കാരണമാകുമെന്ന് പറയപ്പെടുന്നു.