കേരള കോണ്‍ഗ്രസിനെ ഇടതുമുന്നണിയുടെ ഭാഗമാക്കിയത് വലിയം ഗുണം ചെയ്തില്ലെന്ന് സിപിഐ.
കേരള കോണ്‍ഗ്രസ് ബന്ധം കോട്ടയത്തു മാത്രമാണ് ഗുണം ചെയ്തതെന്നാണ് സി.പി.ഐ കോട്ടയം ജില്ലാസമ്മേളന റിപ്പോര്‍ട്ടില്‍ വിമര്‍ശനം.
എന്നാല്‍ കോട്ടയം ജില്ലയില്‍ ഏറെക്കാലം പ്രതിപക്ഷത്ത് മാത്രമായിരുന്ന തദ്ദേശസ്ഥാപനങ്ങളില്‍ ഭരണത്തിലെത്താന്‍ കേരളകോണ്‍ഗ്രസിന്റെ വരവ് പ്രയോജനം ചെയ്തുവെന്ന നല്ലവാക്കുമുണ്ട്.
13 സീറ്റ് അനുവദിച്ചെങ്കിലും പേരാമ്പ്ര സി.പി.എമ്മിന് വിട്ടുകൊടുത്ത് 12 സീറ്റിലാണ് കേരള കോണ്‍ഗ്രസ് മത്സരിച്ചത്.
ഇതില്‍ അഞ്ചുസീറ്റുകളില്‍ മാത്രമാണ് ജയിക്കാനായത്. ഇത് അവരുടെ ജനസ്വാധീനമെത്ര എന്നതിന്റെ സൂചനയാണ്.
പാലായില്‍ ജോസ് കെ.മാണി പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം മറ്റാരുടെയും തലയില്‍ കെട്ടിവയ്ക്കേണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
ജോസ് കെ.മാണിയുടെ സ്ഥാനാര്‍ത്ഥിത്വം പാലായിലെ ജനങ്ങള്‍ അംഗീകരിച്ചില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്.
പാലാ, കടുത്തുരുത്തി, പൂഞ്ഞാര്‍ നിയോജകമണ്ഡലങ്ങളില്‍ സി.പി.എം. പ്രദേശിക നേതൃത്വം കേരളകോണ്‍ഗ്രസിനോട് കൂടുതല്‍ അടുപ്പം കാണിക്കുന്നു.
സി.പി.ഐ.യെ ഒഴിവാക്കിയുള്ള ഈ സമീപനം സി.പി.എം. ജില്ലാ, സംസ്ഥാന നേതൃത്വങ്ങള്‍ അറിഞ്ഞാണെന്ന് സി.പി.ഐ. കരുതുന്നില്ല. പൂഞ്ഞാര്‍, തീക്കോയി സര്‍വീസ് സഹകരണബാങ്ക് തിരഞ്ഞെടുപ്പില്‍ സി.പി.ഐ. ഒറ്റയ്ക്ക് മത്സരിക്കുന്ന സാഹചര്യമുണ്ടായി.
ഇത് സി.പി.എം.- കേരള കോണ്‍ഗ്രസ്(എം) സൗഹൃദസമീപനത്തിന്റെ തെളിവാണ്. സംഘടനാശേഷിയെ വിമര്‍ശിക്കുന്നവര്‍ക്ക് ചെവികൊടുക്കേണ്ട കാര്യമില്ല.
ജില്ലയില്‍ ഏറ്റവുംവലിയ ഭൂരിപക്ഷം സി.പി.ഐ. മത്സരിച്ച വൈക്കത്തായിരുന്നുവെന്നത് പാര്‍ട്ടിയുടെ ശക്തിതെളിയിക്കുന്നു.
ഇത്തരം വിമര്‍ശനങ്ങള്‍ക്ക് മറുപടിപറയാന്‍ മിനക്കെടാതെ സംഘടനാ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്നാണ് സമ്മേളന റിപ്പോര്‍ട്ട് ആഹ്വാനംചെയ്യുന്നത്.
വിദ്യാര്‍ത്ഥി, യുവജനപ്രസ്ഥാനങ്ങളില്‍പ്പെട്ടവര്‍ക്ക് ഇടതു വിദ്യാര്‍ത്ഥി, യുവജനസംഘടനകളില്‍നിന്ന് തന്നെ മര്‍ദ്ദനവും ആക്ഷേപങ്ങളും ഏല്ക്കേണ്ടിവന്നിട്ടുണ്ട്.
ഇത് ഇടതുപക്ഷനയം സ്വീകരിച്ചിരിക്കുന്ന വിദ്യാര്‍ത്ഥി, യുവജനപ്രസ്ഥാനങ്ങള്‍ക്ക് ഭൂഷണമാണോയെന്ന് സ്വയം വിമര്‍ശനം നടത്തുകയാണ് വേണ്ടതെന്നും റിപ്പോര്‍ട്ടിലുണ്ട്.