അങ്കമാലി: അമ്മയെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ മകനെ റിമാൻഡ് ചെയ്തു. നായത്തോട് പുതുശേരി പരേതനായ കുഞ്ഞുമോന്റെ ഭാര്യ മേരി (52) ക്കാണ് കുത്തേറ്റത്.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത മകൻ കിരണിനെ (27) കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. അമ്മയും മകനും മാത്രമാണ് ഈസമയം വീട്ടിലുണ്ടായിരുന്നത്.
കുത്തേറ്റ് മേരിയുടെ കുടൽ പുറത്തുവന്ന നിലയിലായിരുന്നു. തലയിൽ രക്തം കട്ട പിടിച്ചിരുന്നു.
ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും ബോധം വീണ്ടുകിട്ടിയിട്ടില്ല. വീട്ടിൽ പലപ്പോഴും അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നതായി പറയുന്നു.
നിരവധി അടിപിടി കേസിലും മാലമോഷണ കേസിലും പ്രതിയായ കിരൺ ജയിൽ ശിക്ഷയുമനുഭവിച്ചിട്ടുണ്ട്. നായത്തോട് സൗത്തിലെ ഐഎൻടിയുസി ചുമട്ട് യൂണിയൻ സെക്രട്ടറിയാണ്.
അമ്മയെ കുത്തിയ കാര്യം കിരൺ ഉടൻതന്നെ അയൽവാസികളെയും ബന്ധുമിത്രാധികളെയും അറിയിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ലെന്നു പറയുന്നു.
തുടർന്ന് കിരൺതന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽനിന്ന് രക്ഷപ്പെടാൻ നോക്കുന്നതിനിടെ പോലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
കിരണിന്റെ ഭാര്യ അവരുടെ സ്വന്തം വീട്ടിലായിരുന്നു. മഞ്ഞപ്പിത്തം ബാധിച്ച് രണ്ടുവർഷം മുൻപാണ് മേരിയുടെ ഭർത്താവ് കുഞ്ഞുമോൻ മരിച്ചത്.