അനുമോൾ ജോയ്
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കവർച്ച നടന്നിട്ട് ഒരു വർഷം കഴിഞ്ഞു.പോലീസിന്റെ മൂക്കിൻ തുന്പിൽ നടന്ന മോഷണം…എന്നിട്ടും, ഇതുവരെയായി പ്രതിയെക്കുറിച്ച് യാതൊരു സൂചനയും പോലീസിന് ലഭിച്ചിട്ടില്ല.
ഇപ്പോഴും പ്രതിയെ പിടികൂടാനാവാതെ പോലീസ് ഇരുട്ടിൽ തപ്പുകയാണ്. പ്രത്യേക സേന 24 മണിക്കൂറും കാവലുള്ള സെന്‍ട്രല്‍ ജയിലിന്റെ കവാടത്തിനരികെയുള്ള ഓഫീസില്‍നിന്നാണ് മോഷണം നടന്നത് എന്നതാണ് കൗതുകം.
2021 ഏപ്രിൽ 21 ന് അർധരാത്രിയായിരുന്നു സെൻട്രൽ ജയിലിലെ ചപ്പാത്തി യൂണിറ്റിന്റെ ഓഫീസ് പൂട്ട് പൊളിച്ച് ഒരുലക്ഷത്തി തൊണ്ണൂറ്റി നാലായിരം രൂപയായിരുന്നു കവർന്നത്.
ജയിലിൽ നിന്നും പുറത്തിറങ്ങിയ രണ്ട് തടവുകാരെ കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ട അന്വേഷണം.
പോലീസുകാർ മുഴുവൻ കോവിഡ് പ്രതിരോധത്തിനായി പോയതുകൊണ്ടാണ് അന്വേഷണം മെല്ലെപോകുന്നുവെന്നാണ് ആദ്യം അന്വേഷണ ഉദ്യോഗസ്ഥർ നൽകിയ വിശദീകരണം.
സിസിടിവി ദൃശ്യം പരിശോധിക്കുകയും പ്രതിയെ തപ്പി സംസ്ഥാനത്തിന് പുറത്തേക്ക് പോകുകയും ചെയ്തിട്ടും പ്രതിയെ കിട്ടിയില്ല.
എന്നാൽ, പോലീസുകാരുടെ മൂക്കിൻ തുന്പിൽ നടന്ന ഒരു സംഭവത്തിൽ പ്രതിയെക്കുറിച്ച് ഇതുവരെ ഒരു സൂചനപോലും ലഭിക്കാത്തതിൽ ജനങ്ങൾക്കിടയിൽ അമർഷം ഉണ്ട്.
കവർച്ച നടന്നിട്ട് ഒരു വർഷം…
ഏപ്രിൽ 21ന് അർധരാത്രിയായിരുന്നു കണ്ണൂർ സെൻട്രൽ ജയിൽ വളപ്പിനുള്ളിലെ ചപ്പാത്തി യൂണിറ്റിന്റെ ഓഫീസ് റൂമിൽ മോഷണം നടന്നത്.
ജയിൽ ഉല്പന്നങ്ങളുടെ ഒരു ദിവസത്തെ വിറ്റുവരവായ ഒരുലക്ഷത്തി തൊണ്ണൂറ്റി നാലായിരം രൂപയാണ് നഷ്ടപ്പെട്ടത്.
സായുധരായ പ്രത്യേക പോലീസ് സേന കാവൽ നില്ക്കുന്ന പ്രധാന ഗേറ്റിൽനിന്നു വെറും 10 മീറ്റർ അകലെയുള്ള മുറിയിലായിരുന്നു കവർച്ച. പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്.
രാത്രി 11.30നും 12.15നും ഇടയിൽ ഈ ഭാഗത്ത് സംശയകരമായി ഒരാൾ ചുറ്റിത്തിരിയുന്നതിന്റെ ദൃശ്യം സിസി ടിവിയിൽനിന്നു ലഭിച്ചിരുന്നു.
പണം ഓഫീസ് റൂമിലെ മേശയ്ക്കുള്ളിലാണു സൂക്ഷിക്കുകയെന്ന വിവരം കൃത്യമായി അറിയാവുന്നയാൾ തന്നെയാണു കവർച്ച നടത്തിയതെന്നാണു പോലീസിന്റെ നിഗമനം.
അടുത്തിടെ സെൻട്രൽ ജയിലിൽനിന്നു ശിക്ഷകഴിഞ്ഞിറങ്ങിയ രണ്ട് മോഷ്ടാക്കളെ ചുറ്റിപ്പറ്റിയാണ് ആദ്യഘട്ടത്തിൽ അന്വേഷണം നടന്നത്.
ഇവർ ചപ്പാത്തി യൂണിറ്റിൽ ജോലി ചെയ്തിരുന്നവരുമാണ്. ഈ രണ്ടുപേരും വയനാട്ടിലുണ്ടെന്ന സൂചന കിട്ടിയ പോലീസ് അങ്ങോട്ടേക്ക് പോയിരുന്നെങ്കിലും പിടികൂടാനായില്ല.
അന്വേഷണം ഇങ്ങനെ…
അന്നത്തെ കണ്ണൂര്‍ അസി. കമ്മീഷണര്‍ പി. ബാലകൃഷ്ണന് നായരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണത്തിന് തുടക്കം കുറിച്ചത്. സ്പെഷല്‍ ടീമായി തിരിഞ്ഞാണ് അന്വേഷണം തുടങ്ങിയത്.
ജയിലില്‍ നിന്നും പുറത്തിറങ്ങിയ രണ്ട് തടവുകാരാണ് മോഷണം നടത്തിയതെന്ന നിഗമനത്തിലാണ് ആദ്യമെത്തിയത്.
കവര്‍ച്ചയെക്കുറിച്ച് വ്യക്തമായ ധാരണയില്‍ പോലീസ് എത്തിക്കഴിഞ്ഞതായും പ്രതിയെക്കുറിച്ച് എല്ലാ തെളിവുകളും ശേഖരിച്ചതായിം അന്വേഷണസംഘം അറിയിച്ചു. എന്നാല്‍, പ്രതിയെ പിടികൂടാന്‍ സാധിച്ചില്ല.
പ്രതിയെന്ന് കരുതുന്ന ആളുടെ വീട്ടില്‍ പോലീസെത്തി അന്വേഷണം നടത്തിയിരുന്നു. എന്നാല്‍, ഇയാള്‍ വീട്ടില്‍ വന്നിട്ടില്ലെന്നും ഒളിവിലാണെന്നുമാണ് വീട്ടുകാര്‍ അന്വേഷണ സംഘത്തെ അറിയിച്ചത്.
സെന്‍ട്രല്‍ ജയിലില്‍നിന്നും കവര്‍ച്ച നടത്തിയ ശേഷം വടക്ക് ഭാഗത്തേക്കാണ് ഇയാള്‍ പോയതെന്ന് പോലീസ് കണ്ടെത്തി.
മംഗളൂരുവില്‍ പോയതിനു ശേഷം അവിടെ നിന്ന് വീണ്ടും വയനാട്ടിലേക്കും പിന്നീട് എറണാകുളത്തേക്കും മാറി സഞ്ചരിച്ചെന്നും പിന്നീട് ലോക്ക് ഡൗണ്‍ തുടങ്ങിയ ശേഷം ഏതോ അജ്ഞാത കേന്ദ്രത്തില്‍ ഒളിച്ച് താമസിക്കുന്നു എന്നൊക്കെയാണ് പോലീസിന്റെ കണ്ടെത്തല്‍.
പ്രതിയെ തേടി കർണാടകയിലേക്ക്
പ്രതിയെന്ന് സംശയിക്കുന്നയാൾക്കായി 2021 മേയ് 28നാണ് കണ്ണൂർ ടൗൺ പോലീസ് കർണാടകത്തിലേക്ക് പോയത്.
സെൻട്രൽ ജയിലിൽ നിന്നുമിറങ്ങിയ ആലക്കോട് സ്വദേശി തങ്കച്ചൻ എന്നയാൾ മംഗലാപുരത്ത് ജ്വല്ലറി മോഷണവുമായി ബന്ധപ്പെട്ട് പിടിയിലായിരുന്നു.
ഇയാളാവാം സെൻട്രൽ ജയിലിലെ മോഷണത്തിന് പിന്നിലെന്ന നിഗമനത്തിലാണ് പ്രതിയെ ചോദ്യം ചെയ്യാനായി ടൗൺ പോലീസ് കർണാടകത്തിലേക്ക് പോയത്.
എന്നാൽ,വിശദമായ ചോദ്യം ചെയ്യലിൽ മോഷണം നടന്ന ദിവസം അയാൾ അവിടെ ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു. അതോടെ ആ വഴിയും അടഞ്ഞു.
ഫോൺകോളുകൾ കേന്ദ്രീകരിച്ച് അന്വേഷണം
കവർച്ച നടത്തിയെന്ന് സംശയിക്കുന്ന 72 ഓളം ആളുകളെ പോലീസ് ചോദ്യം ചെയ്തിരുന്നു. സമാന പ്രവൃത്തികള്‍ ചെയ്ത 20 ഓളം ആളുകളെ കണ്ടെത്തി പരിശോധിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു.
എന്നാല്‍, ഇവരില്‍ നിന്നും ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചാണ് ഏറ്റവുമൊടുവിൽ അന്വേഷണം നടന്നത്.
ജയിലില്‍ നിന്നും പ്രതികള്‍ക്ക് ഫോണ്‍ വിളിക്കാനുള്ള സൗകര്യമുണ്ട്. ഇത്തരത്തില്‍ വിളിച്ച എല്ലാ ഫോണ്‍ കോളുകളും പോലീസ് പരിശോധിച്ചു.
പ്രതികള്‍ നിരന്തരമായി വിളിച്ചു കൊണ്ടിരുന്ന ചില ഫോണ്‍ കോളുകള്‍ കണ്ടെത്താന്‍ സാധിച്ചുണ്ടെന്നാണ് പോലീസ് പറഞ്ഞിരുന്നത്. എന്നാൽ ആ അന്വേഷണവും പാതിവഴിയിലായി. നിലവിൽ അന്വേഷണം നിലച്ചിരിക്കുകയാണ്.