സ്വന്തം ലേഖകന്‍
കോഴിക്കോട്: പെരുവണ്ണാമുഴി പന്തിരിക്കരയില്‍ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ഇര്‍ഷാദ് കൊല്ലപ്പെട്ട സംഭവത്തില്‍ വിദേശത്തേക്കു കടന്ന മുഖ്യപ്രതിയെ നാട്ടിലെത്തിക്കാന്‍ പോലീസ് റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കും. ഇന്റര്‍പോളിന്റെ സഹായവും തേടും.
ഇര്‍ഷാദിന്റെ മരണത്തിനു പിന്നില്‍ വിദേശത്തുള്ള താമരശേരി കൈതപ്പൊയില്‍ സ്വദേശി മുഹമ്മദ് സ്വാലിഹ് എന്നയാളാണെന്നാണു കുടുംബം ആരോപിക്കുന്നത്.
ഇയാളുടെ വിദേശയാത്ര വിവരങ്ങള്‍ ഉള്‍പ്പെടെ അന്വേഷണസംഘം ശേഖരിക്കുന്നുണ്ട്. ഇയാളുടെ ഫോട്ടോയും പോലീസ് പുറത്തുവിട്ടു.
അതേസമയം ഇര്‍ഷാദിനെ മുഖ്യപ്രതി സ്വാലിഹ് പല തവണ ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖ പുറത്തുവന്നു.
ഇര്‍ഷാദിനെ അപായപ്പെടുത്തിയശേഷവും ഭീഷണി കോള്‍ വന്നതായാണ് സഹോദരന് ഹര്‍ഷാദ് പറയുന്നത്.
ഇര്‍ഷാദിനെയും തന്നെയും സ്വാലിഹ് പലതവണ ഭീഷണിപ്പെടുത്തിയെന്ന് സഹോദരന് ഹര്‍ഷാദ് വെളിപ്പെടുത്തി.
10 ലക്ഷം രൂപ ആവശ്യപ്പെട്ടായിരുന്നു ഭീഷണി. ഇര്‍ഷാദ് ജീവിച്ചിരിപ്പുണ്ടെന്നും പണം തന്നാല്‍ കാണിച്ചു തരാമെന്ന് പറഞ്ഞതായും വെളിപ്പെടുത്തി.
ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോകാന്‍ നിര്‍ദേശം നല്‍കിയത് സ്വാലിഹാണെന്നാണ് പോലീസ് പറയുന്നത്.
കഴിഞ്ഞമാസം കേരളത്തിലെത്തിയ സ്വാലിഹ് ജൂലൈ 19നാണ് ദുബായിലേക്കു മടങ്ങിയത്.
അതിനുമുമ്പു തന്നെ ഇര്‍ഷാദ് മരിച്ചതായി സ്വാലിഹിന് വ്യക്തമായിരുന്നു. മൃതദേഹം മേപ്പയൂര്‍ സ്വദേശിയുടേതാണെന്ന് തെറ്റിദ്ധരിച്ച് സംസ്കരിച്ചതിനുശേഷമാണ് സ്വാലിഹ് വിദേശത്തേക്ക് കടന്നത്.
സ്വാലിഹിനൊപ്പം കേസില്‍ പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേര്‍ കൂടി വിദേശത്തുണ്ട്. ഇവരെയും ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് പോലീസ്.
പുറക്കാട്ടിരി പാലത്തിന് മുകളില്‍നിന്നും ഓടി രക്ഷപ്പെട്ട് ഇര്‍ഷാദ് പുഴയിലേക്ക് ചാടുകയായിരുന്നുവെന്ന തരത്തിലുള്ള ദൃക്സാക്ഷിമൊഴികളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്.