സ്വന്തം ലേഖകൻ
തിരുവനന്തപുരം: വീട്ടിലെ നായ്ക്കളെ കുളിപ്പിക്കാനും വിസർജ്യം കോരാനും വിസമ്മതിച്ച പോലീസുകാരനെതിരേ അച്ചടക്ക നടപടി സ്വീകരിച്ച എസ്പി നവനീത് ശർമയ്ക്ക് സ്ഥലംമാറ്റം.
രണ്ടാം സായുധ ബറ്റാലിയൻ കമൻഡാന്റ് സ്ഥാനത്തു നിന്ന് നീക്കിയ നവനീത് ശർമയെ പോലീസ് ആസ്ഥാനത്ത് എസ്പിയായി നിയമിച്ചു.
എസ്പി നവനീത് ശർമ സസ്പെൻഡ് ചെയ്ത പോലീസുകാരനെ ഐജി അനൂപ് കുരുവിള ജോണ് സസ്പെൻഷൻ റദ്ദാക്കി തിരിച്ചെടുത്തിരുന്നു.
ഗോപേഷ് അഗർവാളിനെ ഇന്റലിജൻസ് ഐജിയായി നിയമിച്ചു. നിലവിൽ എറണാകുളം ക്രൈംബ്രാഞ്ച് ഐജിയായിരുന്നു. കോസ്റ്റൽ പോലീസ് ഐജി പി.വിജയനെ ബുക്ക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റിയുടെ എംഡിയാക്കി.
ഇന്റലിജൻസ് ഐജിയായ കെ.സേതുരാമനെ പരിശീലന വിഭാഗം ഐജിയാക്കി. കോസ്റ്റൽ പൊലീസ് ഐജിയുടെ അധികചുമതലയും സേതുരാമന് നൽകി.
ക്രൈംബ്രാഞ്ച് ഡിഐജി എസ്. ശ്യാംസുന്ദറിനെ സുരക്ഷാ വിഭാഗം ഡിഐജിയായും മാറ്റി നിയമിച്ചു.