തിരുവല്ല: വാക്കുതർക്കത്തിനിടെ അനുജനെ വെട്ടിവീഴ്ത്തിയശേഷം ഓടുന്നതിനിടെ കാൽവഴുതി വീണ് ജ്യേഷ്ഠൻ മരിച്ചു.
പെരിങ്ങര ചിറയില്‍ വീട്ടില്‍ സന്തോഷാണ് (43) മരിച്ചത്. ഇളയ സഹോദരന് സജീവനെ (39) വെട്ടുകത്തി കൊണ്ട് വെട്ടിയശേഷം പെരിങ്ങര പഞ്ചായത്ത് ഓഫീസിന്റെ അഞ്ചരയടിയോളം പൊക്കമുള്ള മതില് ചാടിക്കടന്നു രക്ഷപ്പെടാൻ ശ്രമിക്കുന്പോഴാണ് അപകടം. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെ ആയിരുന്നു സംഭവം.
സജീവന്റെ ചെവിയോടു ചേർന്നു വെട്ടിയ ശേഷം സംഭവസ്ഥലത്തുനിന്നും വെട്ടുകത്തിയുമായി ഓടി രക്ഷപ്പെട്ട സന്തോഷ് മതിൽ ചാടിക്കടക്കുന്നതിനിടെ കാല്‍വഴുതി മുഖമടിച്ച് പഞ്ചായത്ത് ഓഫീസ് വളപ്പിലേക്ക് വീഴുകയായിരുന്നു.
ഓഫീസിനു മുന്പിലെ വെള്ളക്കെട്ടിലേക്കാണ് ഇയാൾ വീണത്. വീഴ്ചയുടെ ആഘാതമോ മുഖത്തുണ്ടായ പരിക്കോ മുങ്ങിമരണമോ ആകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലെ എർത്ത് ലൈനിൽനിന്ന് ഷോക്കേറ്റാണോ സന്തോഷിന്റെ മരണമെന്നും പോലീസ് സംശയിക്കുന്നുണ്ട്. മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
വെട്ടു കൊണ്ട് ഇടതുചെവിക്ക് ആഴത്തില്‍ മുറിവേറ്റ സജീവനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മരിച്ച സന്തോഷ് ഓട്ടോറിക്ഷ ഡ്രൈവറാണ്.
സഹോദരങ്ങള്‍ മദ്യപിച്ചെത്തി വഴക്ക് പതിവാണെന്ന് അയൽവാസികൾ പറഞ്ഞു. അയല്‍വീട്ടിലെ സെപ്ടിക് ടാങ്കിന്റെ പേരിൽ ഇരുവരും തമ്മിൽ കഴിഞ്ഞ ദിവസം വാക്കുതർക്കമുണ്ടായിരുന്നു. ഇതാണ് ആക്രമണത്തിൽ കലാശിച്ചതെന്നു പറയുന്നു.