തൊടുപുഴ: ഇടുക്കി പോലീസ് സഹകരണ സംഘത്തിൽനിന്നു പോലീസുകാരെ ഉപയോഗിച്ചും സ്വന്തമായും വായ്പയെടുത്ത് ഒന്നര കോടിയോളം രൂപ തട്ടിയെടുത്ത് ഒളിവിൽ പോയ മുൻ പോലീസുകാരനെ ഇടുക്കി ഡിസിആർബി സംഘം തമിഴ്നാട്ടിൽനിന്നു പിടികൂടി.
ഇടുക്കി എആർ ക്യാന്പിൽ സിവിൽ പോലീസ് ഓഫീസറായിരുന്ന കാഞ്ഞിരപ്പള്ളി ഒറ്റത്തെങ്ങിൽ വീട്ടിൽ അമീർ ഷാ (43)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
2019-ലാണ് ഇയാൾ സർവീസിലിരിക്കെ പണം തട്ടിപ്പു നടത്തിയത്. ഇതോടെ ആ വർഷംതന്നെ ഇയാളെ സർവീസിൽനിന്നു നീക്കം ചെയ്തിരുന്നു.
സഹപ്രവർത്തകരെകൊണ്ട് വായ്പയെടുപ്പിച്ച പണം ഇയാൾ ഓണ്‍ലൈൻ റമ്മി കളിക്കാനായി ഉപയോഗിക്കുകയായിരുന്നെന്നാണ് പോലീസിനു ലഭിച്ച വിവരം.
നിരവധി പോലീസ് ഉദ്യോഗസ്ഥരെ ഇയാൾ കബളിപ്പിച്ച് പണം തട്ടിയെടുത്തിരുന്നു. സഹകരണ സംഘത്തിൽ മാസാമാസം അടയ്ക്കേണ്ട തുകയോടൊപ്പം കൂടുതൽ തുക നൽകാമെന്ന് വാഗ്ദാനം നൽകിയാണ് ഇയാൾ വായ്പ എടുപ്പിച്ചിരുന്നത്.
ആദ്യമെല്ലാം സൊസൈറ്റിയിൽ നൽകാനുള്ളതും വാഗ്ദാനം ചെയ്തിരുന്ന തുകയും വായ്പ എടുത്തു നൽകിയ പോലീസുകാർക്ക് ലഭിച്ചിരുന്നു.
ഓരോരുത്തർക്കും പണം നൽകാൻ മറ്റൊരാളുടെ പേരിൽ വായ്പ എടുക്കും. പിന്നീട് വായ്പ തിരിച്ചടവു മുടങ്ങിയതോടെയാണ് പോലീസുകാർ പരാതി നൽകിയത്.
ഒളിവിൽ പോയ ഇയാൾ ചെന്നൈയിൽ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു. പ്രതി തമിഴ് നാട്ടിൽ ഒളിവിൽ കഴിയുകയാണെന്ന് രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ഡിസിആർബി ഡിവൈഎസ്പി ജിൽസണ്‍ മാത്യു, എസ്ഐമാരായ മനു, എം.പി. സാഗർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ബിജുമോൻ, സിപിഒമാരായ ജിജോ, ഷിനോജ്, സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.