പ്ലസ്ടുക്കാരിയുമായി ലഹരി സംഭാഷണം നടത്തിയ വ്ളോഗര്‍ക്കായി വലവിരിച്ച് പോലീസ്. പൈസയുണ്ടെങ്കിലും സാധനം കിട്ടുന്നില്ലെന്നതാണ് പ്രശ്നമെന്നാണ് തൃശൂര്‍ സ്വദേശിനിയായ പ്ലസ്ടുക്കാരി പറയുന്നത്.
”ഫോര്‍ട്ട് കൊച്ചിക്കു കയറാമോ.. അല്ലെങ്കില്‍ കോതമംഗലം വരെ പോകൂ” കഞ്ചാവു ലഭിക്കാന്‍ കോതമംഗലത്തേക്കു പോകാന്‍ ഉപദേശിക്കുന്നതാവട്ടെ സമൂഹമാധ്യമങ്ങളില്‍ നിരവധി ഫോളോവേഴ്സുള്ള പ്രമുഖ വ്ലോഗറും.
എട്ടുംപൊട്ടും തിരിയാത്ത കുട്ടികളില്‍ പോലും ലഹരി എത്രമാത്രം ആഴത്തില്‍ കടന്നുകയറി എന്നു വ്യക്തമാക്കുന്ന ഞെട്ടിക്കുന്ന വിഡിയോ കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നത്.
പ്ലസ്ടു കാരി എന്നു പറഞ്ഞു ചെറുതാക്കണ്ട, ”നമ്മള് ജയിലിലായിരുന്നടേ.. അതറിയാമോ നിങ്ങള്‍ക്ക്..” എന്നു പെണ്‍കുട്ടി തന്നെ വീഡിയോയില്‍ പറയുന്നുണ്ട്.
ഈ വീഡിയോ കണ്ടെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും തൃശൂര്‍ റൂറല്‍ എസ്പി ഐശ്വര്യ ഡ്രോംഗ്രെ പറഞ്ഞു.
”തൃശൂരാണ്..” എന്നു പറഞ്ഞു തുടങ്ങുന്ന വിഡിയോയില്‍, ആണ്‍കുട്ടിയോടോ പെണ്കുട്ടിയോടോ എന്ന് അറിയാതെയാണ് വ്ലോഗര്‍ സംസാരിച്ചു തുടങ്ങുന്നത്. ഒപ്പം രണ്ടു പേര് കൂടിയുണ്ടെങ്കിലും ഇരുവരും സംസാരിച്ചു തുടങ്ങുമ്പോള്‍ അവര്‍ ഗ്രൂപ്പ് ചാറ്റില്‍നിന്ന് ഇറങ്ങിപ്പോകുന്നുണ്ട്.
പെണ്കുട്ടിയാണെന്നു പറഞ്ഞപ്പോള്‍ വ്ലോഗര്‍ക്കും അതിശയം. എന്തൊക്കെയാണ് പരിപാടിയെന്ന പെണ്‍കുട്ടിയുടെ ചോദ്യത്തിന് ”24X7 പൊകയടി” എന്നു വ്ലോഗര്‍.
തിരിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയും അതു തന്നെ.. ”പ്ലസ്ടു കഴിഞ്ഞു.. ഇപ്പം പോങ്കൊക്കെയടിച്ച് ഇങ്ങനെ നടക്കുന്നു.. വേറെ എന്ത് പരിപാടി..” എന്നു പെണ്‍കുട്ടി.
പ്ലസ്ടുകാരിയുടെ പുകയടി വിശേഷം കേട്ട് ആദ്യം വ്ലോഗര്‍ ഞെട്ടുന്നുണ്ടെങ്കിലും ഗോ ഗ്രീന്‍ എന്നു പ്രോല്‍സാഹിപ്പിക്കുന്നുണ്ട്.
പുകയടിക്കുന്ന കാര്യം അമ്മയ്ക്കറിയാമെന്നും വഴക്കു പറയുമ്പോള്‍ നോ മൈന്‍ഡ്.. എന്നു പെണ്‍കുട്ടി. ”പച്ചക്കറിയാണ്.. ഇത്.. വെജിറ്റബിളാണ്” എന്നു വ്ലോഗറുടെ ന്യായീകരണം. കഞ്ചാവടിച്ചാലും സിഗരറ്റ് വലിക്കരുതെന്ന ഉപദേശം നല്‍കുന്നുണ്ട്.
”നിങ്ങളെ കാണണമെന്നു ഭയങ്കര ആഗ്രഹമാണ്..” എന്നു പെണ്‍കുട്ടി പറയുമ്പോള്‍ ”നാട്ടില്‍ വരും.. അന്നേരം ഒരുമിച്ച് ഇരുന്ന് അടിക്കാം.” എന്ന് വ്ലോഗര്‍.
”വീട്ടില്‍നിന്ന് ഇറങ്ങിപ്പോയതായിരുന്നെന്നും സുഹൃത്തുക്കള്‍ക്കൊപ്പം കണ്ണൂരായിരുന്നെന്നും പെണ്‍കുട്ടി പറയുന്നു.
ഒരു സുഹൃത്തിനൊപ്പം കഞ്ചാവു വില്ക്കാന് പോയപ്പോള്‍ പിടിയിലായി കുറച്ചുകാലം ജയിലില്‍ കിടന്നെന്നും പപ്പ ഇറക്കിയെന്നും പെണ്‍കുട്ടി പറയുന്നു.
പപ്പ ആര്‍മിയിലാണ്. ഇപ്പോള്‍ വീട്ടിലാരും തന്നോടു മിണ്ടുന്നില്ലെന്നും അവര്‍ പോയി പണി നോക്കട്ടെയെന്നും പെണ്‍കുട്ടി പറയുന്നു. എന്തായാലും വിഷയം ഇതിനോടകം വലിയ ചര്‍ച്ചയായിട്ടുണ്ട്.