ഏറ്റുമാനൂർ: വാശിയേറിയ വോട്ടെടുപ്പിനൊടുവിൽ സിപിഐയുടെ ജില്ലാ സെക്രട്ടറിയായി വി.ബി. ബിനു തെരഞ്ഞെടുക്കപ്പെട്ടു.
ഏറ്റുമാനൂരിൽ നടന്നു വന്ന ജില്ലാ സമ്മേളനത്തിന്റെ രണ്ടാം ദിനമായ ഇന്നലെ വൈകുന്നേരമായിരുന്നു സെക്രട്ടറി തെരഞ്ഞെടുപ്പ്.
പുതിയ ജില്ലാ കൗണ്‍സിലിനെ തെരഞ്ഞെടുത്തു കഴിഞ്ഞപ്പോൾ സംസ്ഥാന നേതൃത്വം വി.കെ. സന്തോഷ് കുമാറിനെ സെക്രട്ടറിയായി നിർദേശിച്ചു. തലയോലപ്പറന്പിൽനിന്നുള്ള മുതിർന്ന കൗണ്‍സിൽ അംഗം വി.ബി. ബിനുവിന്റെ പേരു നിർദേശിച്ചു.
വോട്ടെടുപ്പ് ഒഴിവാക്കണമെന്നും സംസ്ഥാന കൗണ്‍സിൽ തീരുമാനം അംഗീകരിക്കണമെന്നുമുള്ള നേതാക്കളുടെ നിർദേശം കൗണ്‍സിൽ അംഗങ്ങൾ തള്ളി.
കോട്ടയം മണ്ഡലം സെക്രട്ടറി ബിനുവിന്റെ പേരിനെ പിന്താങ്ങുകയും ചെയ്തതോടെ വോട്ടെടുപ്പിലേക്ക് കാര്യങ്ങൾ നീങ്ങി. 51 അംഗ കൗണ്‍സിലിൽ 29 പേർ ബിനുവിനെ പിന്തുണച്ചപ്പോൾ 21 പേർ വി.കെ. സന്തോഷിനെ പിന്തുണച്ചു.
കാഞ്ഞിരപ്പള്ളി, വാഴൂർ, കോട്ടയം, ഏറ്റുമാനൂർ മണ്ഡലം കമ്മിറ്റികളിൽനിന്നുള്ളവർ ബിനുവിനൊപ്പം നിന്നു.കെ.ഇ. ഇസ്മെയിൽ, ഇ. ചന്ദ്രശേഖരൻ, എൻ. രാജൻ, പി. വസന്തം, സത്യൻ മൊകേരി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വോട്ടെടുപ്പ് നടന്നത്.
51 അംഗ ജില്ലാ കൗണ്‍സിലിൽനിന്ന് 75 വയസിനു മുകളിലുള്ളവരെ ഒഴിവാക്കി. വനിതാ, യുവജന പ്രാതിനിധ്യം വർധിപ്പിച്ചും പുതുമുഖങ്ങളെ ഉൾപ്പെടുത്തിയുമാണ് ജില്ലാ കൗണ്‍സിൽ തെരഞ്ഞെടുത്തത്. 27 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു.
ഇടതുപക്ഷത്തിന്റെ സൗമ്യമുഖം
കോട്ടയം: ജില്ലയിലെ ഇടതുപക്ഷത്തിന്റെ പരിചിതവും സൗമ്യവുമായ മുഖമാണ് സിപിഐയുടെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട് വി.ബി. ബിനു.
വിദ്യാർഥി സംഘടനാ പ്രവർത്തനത്തിലൂടെ പൊതുരംഗത്തുവന്ന ബിനു എഐഎസ്എഫ് ജില്ലാ സെക്രട്ടറി, എഐവൈഎഫ് സംസ്ഥാന വൈസ്പ്രസിഡന്റ്, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, ജനയുഗം സിഎംഡി എന്നി ചുമതലകൾ വഹിച്ചിട്ടുണ്ട്.
സിപിഐ സംസ്ഥാന കൗണ്‍സിൽ അംഗം, എഐടിയുസി സംസ്ഥാന സെക്രട്ടറി, വേൾഡ് പീസ് കൗണ്‍സിലിന്റെ കേരള ഘടകമായ ഐപ്സോയുടെ സംസ്ഥാന ജനറൽ സെക്രട്ടറി, ദേശീയ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
2006-2011 കാലഘട്ടത്തിൽ ഓയിൽപാം ഇന്ത്യയുടെ ചെയർമാനായിരുന്നു. 2016ൽ കാഞ്ഞിരപ്പള്ളിയിൽനിന്നു നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. കോട്ടയം തിരുവാതുക്കൽ ചൈതന്യയിലാണു താമസം.