ചെറായി: കടലില്‍വച്ച് മത്സ്യബന്ധനത്തിനിടെ വലിയ കപ്പി തലയില്‍ അടിച്ച് പരിക്കേറ്റ് അനുഗ്രഹീതന്‍ എന്ന മത്സ്യബന്ധന ബോട്ടിലെ അതിഥി തൊഴിലാളിയായ ഒഡീഷ സ്വദേശി ബങ്കരാമയ്യ-27 മരിച്ച സംഭവം സ്വാഭാവികമായ അപകടമരണമല്ലെന്ന് കോസ്റ്റല്‍ പോലീസ്.
അസ്വാഭാവികമായ ഈ മരണത്തിന് ഉത്തരവാദികള്‍ ഈ സമയം എതിരെ വല വലിച്ചു വന്നിരുന്ന കിംഗ് എന്ന ബോട്ടും അതിനെ നിയന്ത്രിച്ചിരുന്ന സ്രാങ്കുമാണ്.
എതിരെ വല വലിച്ചു വന്ന കിംഗ് എന്ന ബോട്ട് ഇതിലൂടെ വലയിട്ടിട്ടുണ്ടെന്ന അനുഗ്രഹീതന്‍ എന്ന ബോട്ടിലെ തൊഴിലാളികള്‍ നല്കിയ മുന്നറിയിപ്പ് അവഗണിച്ച് ബോട്ട് മുന്നോട്ട് ഓടിച്ചു വരുകയും വലയില്‍ ഉടക്കിയതോടെ വയര്‍ റോപ്പ് വലിഞ്ഞ് കപ്പി അമരത്ത് നിന്നിരുന്ന ബങ്കരാമയ്യയുടെ തലയ്ക്ക് പിന്നില്‍ ഇടിക്കുകയുമായിരുന്നുവെന്നാണ് കൂടെയുണ്ടായിരുന്ന മറ്റ് മത്സ്യതൊഴിലാളികള്‍ കോസ്റ്റല്‍ പോലീസിനു മൊഴി നല്‍കിയിരിക്കുന്നത്.
ഇതേതുടര്‍ന്ന് കിംഗ് എന്ന ബോട്ടിലെ സ്രാങ്കിനെതിരെ ഫോര്‍ട്ട്കൊച്ചി കോസ്റ്റല്‍ പോലീസ് ബോധപൂര്‍വമല്ലാത്ത നരഹത്യക്കും കടലില്‍ അലക്ഷ്യമായി ബോട്ട് ഓടിച്ച് അപകടമുണ്ടാക്കിയതിനും കേസെടുത്തിട്ടുണ്ടെന്ന് എസ്ഐ സംഗീത് ജോബ് അറിയിച്ചു.
അഞ്ചിനു പുലര്‍ച്ചെ മുനമ്പം മിനി ഹാര്‍ബറില്‍നിന്നു മത്സ്യബന്ധനത്തിനുപോയ ബോട്ട് ഞായറാഴ്ച വൈകുന്നേരം മുനമ്പത്തുനിന്നും 38 നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറ് വല വലിച്ചുകൊണ്ടിരിക്കെയാണ് അപകടം സംഭവിച്ചത്.
ബങ്കരാമയ്യയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കളെത്തി നാട്ടിലേക്ക് കൊണ്ട് പോയി.