പ്ലസ്ടു വിദ്യാര്‍ഥിനിയെ സമൂഹമാധ്യമത്തിലൂടെ കഞ്ചാവ് ഉപയോഗിക്കാന്‍ സമൂഹമാധ്യമത്തിലൂടെ ഉപദേശിച്ച വ്ളോഗര്‍ പിടിയില്‍.
മട്ടാഞ്ചേരി പുത്തന്‍പുരയ്ക്കല്‍ അഗസ്റ്റിന്റെ മകന് ഫ്രാന്‍സിസ് നെവിന് അഗസ്റ്റിന് (34) ആണ് പിടിയിലായത്.
കഴിഞ്ഞ ദിവസം ഇവര്‍ സംസാരിക്കുന്ന വിഡിയോ വൈറലായതോടെ എക്സൈസ് വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു.
എന്നാല്‍ വീട്ടില്‍നിന്നു ലഹരി പദാര്‍ഥം കണ്ടെത്തിയില്ലെങ്കിലും ദേഹപരിശോധന നടത്തിയപ്പോള്‍ ഉള്‍വസ്ത്രത്തില്‍നിന്നു രണ്ടു ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
തുടര്‍ന്ന് ഇയാളെ മട്ടാഞ്ചേരി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ വി.എസ്.പ്രദീപിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തു.
വില്പനയ്ക്കുള്ള അളവ് കഞ്ചാവ് കൈവശം ഇല്ലാത്തതിനാല്‍ സ്റ്റേഷന് ജാമ്യത്തില്‍ വിടാനാകുമെങ്കിലും, സമൂഹമാധ്യമം വഴി ലഹരി ഉപയോഗിക്കാന്‍ ആഹ്വാനം ചെയ്തതിനാല്‍ കോടതിയില്‍ ഹാജരാക്കുമെന്നു മട്ടാഞ്ചേരി എക്സൈസ് ഇന്‍സ്പെക്ടര്‍ വ്യക്തമാക്കി.
കഞ്ചാവ് കിട്ടുന്നില്ല എന്നു പരിഭവം പറഞ്ഞ പ്ലസ് ടു വിദ്യാര്‍ഥിനിയോട് അതിനായി കോതമംഗലത്തേക്കു പോകാന്‍ ഉപദേശിക്കുന്ന ഈ വ്ലോഗറുടെ വിഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു.
ഇതിനു പിന്നാലെ ഇയാളെ കുടുക്കാനുള്ള നടപടികളുമായി തൃശൂര്‍ റൂറല്‍ എസ്പി ഐശ്വര്യ ഡോംഗ്രെയുടെ നേതൃത്വത്തിലുള്ള സംഘം രംഗത്തിറങ്ങിയിരുന്നു. തുടര്‍ന്നായിരുന്നു ഇയാളുടെ അറസ്റ്റ്.