വൈക്കം: ഭാര്യയെ വെട്ടി പരിക്കേൽപിച്ചശേഷം ഭർത്താവ് വിഷം കഴിച്ചു മരിച്ചു. തലയാഴം തോട്ടകം കമ്മ്യൂണിറ്റി ഹാളിനു സമീപം പുത്തൻവീട്ടിൽ ദാമോദരനാണ് ഭാര്യ സുശീല(58) യെ വെട്ടി പരിക്കേൽപിച്ചശേഷം വിഷം കഴിച്ചു മരിച്ചത്.
കഴുത്തിന് പുറകിൽ ആഴത്തിൽ മുറിവേറ്റ സുശീലയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.
സുശീല അപകട നില തരണംചെയ്തതായി പോലീസ് പറഞ്ഞു. ആക്രമണത്തിനു ശേഷം കടന്നുകളഞ്ഞ ദാമോദരനെ പിന്നീട് വീടിനു സമീപം തോട്ടരികിൽ മരിച്ച നിലയിൽ കണ്ടെത്തി. സംശയ രോഗമാണു അക്രമത്തിന് ഇടയാക്കിയതെന്നു പോലീസ് പറഞ്ഞു.
ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ഓടെയായിരുന്നു സംഭവം. ഇന്നലെ രാവിലെ വൈക്കം മഹാദേവ ക്ഷേത്രത്തിൽ പോയ സുശീല ക്ഷേത്രത്തിലെ പ്രാതലൂട്ടിനുശേഷം ഉച്ചകഴിഞ്ഞാണ് വീട്ടിലേക്കു വന്നത്.
പാടശേഖരത്തിനു നടുവിലാണ് ദാമോദരനും കുടുംബവും താമസിച്ചിരുന്നത്. ഭാര്യയും രണ്ടു മക്കളുമുള്ള ദാമോദരൻ അവരെ ഉപേക്ഷിച്ചു സുശീലയ്ക്കൊപ്പം താമസിക്കുകയായിരുന്നു. ഈ ബന്ധത്തിൽ ഇവർക്ക് ഒരു മകനുണ്ട്.
ഏതാനും വർഷങ്ങൾക്ക് മുന്പ് വാഹനാപകടത്തിൽ പരിക്കേറ്റ മകൻ ഉണ്ണി മനോനില തെറ്റിയ അവസ്ഥയിലാണ്. കുറച്ചുകാലമായി ദാമോദരൻ വീട്ടിൽനിന്നു കുറച്ചുമാറി ആടുകളെ വളർത്തുന്ന ഷെഡിന്റെ ഒരു ഭാഗത്താണ് താമസിക്കുന്നത്.
ഇന്നലെ ഉച്ചകഴിഞ്ഞ് ഈ ഷെഡിനടുത്ത് സുശീല എത്തിയപ്പോഴാണ് ദാമോദരൻ സുശീലയുമായി വഴക്കുകൂടിയത്. വഴക്കിനിടയിൽ സുശീലയെ വീഴ്ത്തിയശേഷം കറിക്കത്തികൊണ്ട് കഴുത്തിന്റ പുറകുഭാഗത്ത് ഇയാൾ അറക്കുകയായിരുന്നു.
നിലവിളി കേട്ട് സമീപവാസിയായ സ്ത്രീയും മറ്റും ഓടിയെത്തി തടയാൻ ശ്രമിച്ചതിനെ തുടർന്ന് ദാമോദരൻ പാടത്തിലൂടെ ഓടി മറഞ്ഞു.
പിന്നീട് പോലീസ് നടത്തിയ തെരച്ചിലിൽ ഇയാളെ അബോധാവസ്ഥയിൽ കണ്ടെത്തി. വൈക്കം താലൂക്ക് ആശുപത്രിയിൽ ഉടൻ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. വൈക്കം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.