പാന്പാടി: കൂരോപ്പടയിൽ വൈദികന്റെ വീട്ടിൽ നടന്ന മോഷണത്തിൽ ദുരൂഹത തുടരുന്നു. തൃക്കോതമംഗലം സെന്റ് മേരീസ് ബേത്ലഹേം പാത്രിയർക്കൽ പള്ളി വികാരി ഫാ. ജേക്കബ് നൈനാന് എളപ്പനാലിന്റെ വീട്ടിൽ ചൊവ്വാഴ്ച വൈകുന്നേരം 4.30നും രാത്രി ഏഴിനുമിടയിലായിരുന്നു മോഷണം നടന്നത്.
ജില്ലാ പോലീസ് ചീഫ് കാർത്തിക്, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ബാബുക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ഇന്നലെ രാവിലെ കൂരോപ്പട എളപ്പനാൽ കവലയിലെ വീട്ടിലെത്തി പരിശോധന നടത്തിയത്.
തുടർന്നു കോട്ടയത്തുനിന്നും വിരലടയാള വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി. ഇതിനുശേഷം കോട്ടയം ഡോഗ്സ് സ്ക്വാഡിലെ ചേതക് എന്ന പോലീസ് നായയും സ്ഥലത്തെത്തി പരിശോധന നടത്തി.
വീടിനു പിന്നിലെ അടുക്കളവാതിൽ വഴിയാണ് മോഷ്ടാവ് പുറത്തേക്ക് പോയത് എന്നാണു പ്രാഥമിക വിലയിരുത്തൽ. പിൻവാതിലിൽ വിരലടയാള വിദഗ്ധർ എത്തി പരിശോധന നടത്തി സാന്പിളുകൾ ശേഖരിച്ചു.
അടുക്കള ഭാഗത്തുനിന്നുമാണ് ഡോഗ്സ് സ്ക്വാഡ് പരിശോധന നടത്തിയത്.വീടിന്റെ പിൻവാതിലിൽനിന്നും തൊട്ടടുത്ത വീടിന്റെ മുറ്റത്തെത്തിയശേഷം റോഡിലേക്ക് ഇറങ്ങിയാണ് നായ ഓടിയത്.
അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തേക്കാണ് ഏറ്റവും ഒടുവിൽ നായ എത്തിയത്. താക്കോൽ വച്ചിരുന്ന സ്ഥലം അറിയുന്ന ആളാണു മോഷണത്തിനു പിന്നിലെന്ന സംശയം പോലീസിനുണ്ട്.
വൈദികനും ഭാര്യയും പള്ളിയിൽ പോയ സമയത്ത് മൂത്തമകൻ ഭാര്യവീട്ടിലേക്കു പോയി എന്നാണു പോലീസിന് ലഭിച്ചിരിക്കുന്ന മൊഴി.
വീടിനു തൊട്ടുമുന്നിൽത്തന്നെ കട നടത്തുകയാണ് ഇയാൾ. ഇതിന് സമീപത്തുള്ള കടകളും മോഷണം നടക്കുന്ന സമയം തുറന്നിരുന്നു.
അസ്വാഭാവികമായി ഒന്നും ഇവിടെ കണ്ടെത്തിയിരുന്നില്ല എന്നാണ് ഈ കടയിലുള്ളവർ പോലീസിന് നൽകിയിരിക്കുന്ന വിവരം. 45 പവനും തൊണ്ണൂറായിരം രൂപയും നഷ്ടപ്പെട്ടതായാണു പോലീസിനു വീട്ടുകാർ നൽകിയ മൊഴി.