തൊടുപുഴ: നവജാത ശിശു ബക്കറ്റിലെ വെള്ളത്തിൽ മരിച്ച നിലയിൽ. ആശുപത്രിയിൽ ചികിൽസ തേടിയെത്തിയ മാതാവിനെതിരെ പോലീസ് കേസെടുത്തു. തൊടുപുഴ ഉടുന്പന്നൂർ മങ്കുഴിയിലാണ് സംഭവം.
അമിത രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ ചികിൽസ തേടിയെത്തിയ യുവതിയെ പരിശോധിച്ച ഡോക്ടർക്ക് സംശയം തോന്നിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഡോക്ടർ വിവരമറിയിച്ചതിനുസരിച്ച് പോലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയിൽ ബക്കറ്റിലെ വെള്ളത്തിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഇന്നു പുലർച്ചെ ഒന്നരയോടെയാണ് 28 കാരിയായ യുവതി ഭർത്താവുമൊന്നിച്ച് തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിൽസ തേടിയെത്തിയത്.
അമിത രക്തസ്രാവവുമായെത്തിയ യുവതിയ പരിശോധിച്ച ഡോക്ടർക്ക് സംശയം തോന്നി ഇവരെ ചോദ്യം ചെയ്തു. തുടർന്നാണ് പ്രസവിച്ചെന്നും കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ ഉപേക്ഷിച്ചെന്നും യുവതി മറുപടി നൽകിയത്.
ഡോക്ടർ ഉടൻ തന്നെ വിവരം കരിമണ്ണൂർ പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു.മൂന്നരയോടെ കരിമണ്ണൂർ സിഐ സുമേഷ് സുധാകരന്റെ നേതൃത്വത്തിൽ പോലീസ് മങ്കുഴിയിലെ വീട്ടിലെത്തി പരിശോധന നടത്തിയപ്പോൾ ബക്കറ്റിൽ നവജാതശിശുവിനെ മരിച്ചനിലയിൽ കണ്ടെത്തി.
തുടർന്ന് ആശുപത്രിയിലെത്തി യുവതിയെ ചോദ്യം ചെയ്തു.ഭർത്താവ് അറിയാതിരിക്കാനാണ് കുഞ്ഞിനെ ബക്കറ്റിൽ തള്ളിയതെന്നാണ് ഇവർ പോലീസിനു മൊഴി നൽകിയത്.
പ്രസവിച്ച വിവരം അറിയാതെയാണ് ഭർത്താവ് ഇവർക്കൊപ്പം ആശുപത്രിയിലെത്തിയത്.ഏഴും എട്ടും പ്രായത്തിൽ രണ്ടു കുട്ടികളുള്ള യുവതി ഏതാനും മാസം മുന്പ് മറ്റൊരാൾക്കൊപ്പം പോയിരുന്നു.
ഭർത്താവിന്റെ പരാതിയിൽ പോലീസ് ഇവരെ കണ്ടെത്തി കോടതിയിൽ ഹാജരാക്കി. എന്നാൽ കാമുകനൊപ്പം പോകാനാണ് താത്പര്യമെന്നറിയിച്ചതോടെ ഇവരെ അയാൾക്കൊപ്പം വിട്ടയയ്ക്കുകയായിരുന്നു.
പിന്നീട് യുവതി ഭർതൃവീട്ടിലേക്ക് തിരികെ പോന്നു. എന്നാൽ വീണ്ടും ഗർഭിണിയാണെന്ന വിവരം ഭർത്താവിൽ നിന്ന് ഇവർ മറച്ചു വയ്ക്കുകയായിരുന്നു.
അമിത രക്ത സ്രാവത്തെ തുടർന്ന് അവശ നിലയിലായ യുവതി പോലീസ് നിരീക്ഷണത്തിൽ ആശുപത്രിയിൽ കഴിയുകയാണ്.
കുഞ്ഞിന്റെ മൃതദേഹം ഫോറൻസിക് പരിശോധനകൾക്ക് ശേഷം പോസ്റ്റുമോർട്ടത്തിനയയ്ക്കുമെന്ന് പോലീസ് പറഞ്ഞു.
ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിയാണോ കുഞ്ഞ് മരിച്ചതെന്നും മറ്റുമുള്ള വിവരങ്ങൾ പോസ്റ്റ് മോർട്ടത്തിനു ശേഷമെ വ്യകതമാകു എന്നും സിഐ പറഞ്ഞു.