കോട്ടയം: കുഞ്ചാക്കോ ബോബന് പ്രധാനവേഷത്തിലെത്തുന്ന “ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ പരസ്യ പോസ്റ്ററിനെതിരേ സിപിഎം അനുഭാവികളുടെ രൂക്ഷ വിമർശനം.
എന്നാൽ പാര്‍ട്ടി പത്രമായ ദേശാഭിമാനിയിലും ഇതേ പരസ്യം പ്രസിദ്ധീകരിച്ചത് ചൂണ്ടിക്കാട്ടി നിരവധി ട്രോളുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
തീയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്. എന്നാലും വന്നേക്കണേ എന്നാണ് പോസ്റ്ററിലെ പരസ്യ വാചകം. ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന പരസ്യം വലിയ ശ്രദ്ധയാണ് നേടുന്നത്.
കേരളത്തിലെ റോഡുകളിലെ കുഴികളെ പറ്റി ഈ മഴക്കാലത്ത് വിമര്‍ശനവും വാദപ്രതിവാദങ്ങളും നടക്കുന്ന സമയത്താണ് ഈ പരസ്യവാചകം.
സമൂഹമാധ്യമങ്ങളില്‍ ഈ പരസ്യത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സംവാദങ്ങള്‍ കയര്‍ക്കുകയാണ്. സിനിമയിലെ ട്രെയിലറിലും റോഡിലെ കുഴികളെക്കുറിച്ച് പരാമര്‍ശമുണ്ട്.
സിപിഎമ്മിന്റെ സൈബര്‍ പേജുകളും അനുഭാവികളുടെ പേജുകളിലും പോസ്റ്ററിനെതിരേ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്.
സിനിമ കാണില്ലെന്നും ബഹിഷ്കരിക്കണമെന്നും തരത്തിലുള്ള ആഹ്വാനങ്ങള്‍ ഉയരുന്നുണ്ട്. സര്‍ക്കാറിനെതിരേയുള്ള വിമര്‍ശനമായാണ് ഇത് കാണുന്നത്.
ദേശീയ കുഴി, സംസ്ഥാന കുഴി എന്നീ തരത്തിലുള്ള സംവാദങ്ങള്‍ കുറച്ച് ദിവസങ്ങളായി ഭരണപക്ഷത്തും പ്രതിപക്ഷത്തും സമൂഹമാധ്യമങ്ങളിലും നിറയുന്ന സാഹചര്യത്തിലാണ് അണിയറ പ്രവര്‍ത്തകര്‍ ഈ പോസ്റ്റര്‍ ഇറക്കിയതെന്നാണ് സൂചന.