കോട്ടയത്ത്: കൂരോപ്പടയിൽ വൈദികന്റെ വീട്ടിൽനിന്നും 45 പവൻ സ്വർണവും 90000 രൂപയും കവർന്ന കേസിൽ മകൻ അറസ്റ്റിൽ.
പാമ്പാടി കൂരോപ്പട ചെന്നാമറ്റം ഇലപ്പനാൽ ഫാ. ജേക്കബ് നൈനാന്റെ മകൻ ഷൈൻ നൈനാൻ ആണ് അറസ്റ്റിലായത്.
സാമ്പത്തിക ബാധ്യത മൂലമാണ് കവർച്ച നടത്തിയതെന്ന് ഷൈൻ പോലീസിനോട് സമ്മതിച്ചു. ഷൈൻ നൈനാനെ വീട്ടിലെത്തിച്ച് പോലീസ് തെളിവെടപ്പ് നടത്തി. മോഷണം നടത്തിയ സ്വർണം കണ്ടെടുത്തു.
കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം 5.30 നാണ് മോഷണം നടന്നത്. വീട്ടുകാർ പുറത്തുപോയ സമയത്താണ് വീട് കുത്തിത്തുറന്ന്.
45 പവൻ സ്വർണവും 90000 രൂപയും കവർന്നത്. മോഷ്ടിച്ച സ്വർണത്തിൽ 21 പവനോളം പുരയിടത്തിന്റെ പല ഭാഗത്തുനിന്നുമായി കണ്ടെടുത്തിരുന്നു.
സ്വർണം മോഷ്ടിച്ചുകൊണ്ടുപോകുമ്പോൾ നഷ്ടപ്പെട്ടതാകാമെന്നായിരുന്നു പോലീസിന്റെ നിഗമനം. ഇതോടെ മോഷണം നടത്തിയത് സ്ഥിരം മോഷ്ടാക്കളല്ലെന്ന് പോലീസ് ഉറപ്പിച്ചിരുന്നു.
ഒരു മുറിയിൽ മാത്രമാണ് മോഷണം നടന്നത്. അലമാര തകർത്ത് സ്വർണവും പണവും കവരുകയും മറ്റ് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലുമായിരുന്നു.
വീടിന്റെ അടുക്കള വാതിൽ തകർത്ത നിലയിലായിരുന്നു. മോഷണം നടത്തിയതിനു ശേഷം വീട് മുഴുവനും രക്ഷപെട്ട വഴികളിലും മുളകുപൊടി വിതറുകയും ചെയ്തിരുന്നു.
വീടിനെപ്പറ്റിയും ചുറ്റുപാടിനെയുംപറ്റി അറിയുന്നവരാണ് മോഷണം നടത്തിയതെന്ന് പോലീസ് ആദ്യം തന്നെ സംശയിച്ചിരുന്നു.