മാന്നാർ: മാന്നാറിൽ മയക്കുമരുന്ന് കച്ചവടം വ്യാപകമായതായി പരാതി. മാന്നാറിലും പരിസര പ്രദേശങ്ങളിലും വൻതോതിൽ എംഡിഎംഎ ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ എത്തുകയാണ്.
മാന്നാർ, ചെന്നിത്തല, ബുധുനൂർ പഞ്ചായത്തുകളിലെ സ്കൂൾ പരിസരങ്ങളിലും ജനസഞ്ചാരം കുറഞ്ഞ ഗ്രാമിണ റോഡുകളിലും ഇടവഴികളിലും ബണ്ടു റോഡിലും അതിഥിത്തൊഴിലാളി കേന്ദ്രങ്ങളിലുമാണ് മയക്കുമരുന്നു വിൽപന തകൃതിയായിരിക്കുന്നത്. മുന്‍പ് വ്യാജമദ്യ നിര്മാണത്തിലേര്പ്പെട്ടിരുന്നവരിൽ ചിലര്‍ കഞ്ചാവ് വില്പനയിലേക്കു മാറിയിട്ടുണ്ട്.
കഞ്ചാവ് ബീഡി കച്ചവടവും
മാന്നാറിലും മാവേലിക്കരയിലും ചെങ്ങന്നൂരിലും പോലീസ്- എക്സൈസ് ശക്തമായ നടപടികള്‍ എടുക്കുന്നതിനാലാണ് വ്യാജമദ്യ നിര്‍മാണം ഉപേക്ഷിച്ചു പലരും മയക്കുമരുന്നു വില്പനയിലേക്കു തിരിഞ്ഞത്.
പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ഥികളെ വരെ കഞ്ചാവ് കച്ചവടത്തിന് ഉപയോഗിക്കുകയാണ്. കഞ്ചാവ് വില്പന നടത്തുന്നവര്‍ക്കു നിയമത്തിന്റെ മുന്നില്‍നിന്നു രക്ഷപ്പെടാന്‍ പഴുതുകളേറെയാണ്.
കുറഞ്ഞ അളവിലുള്ള കഞ്ചാവുമായി പിടിയിലായാൽ സ്റ്റേഷൻ ജാമ്യം ലഭിക്കും. ഇതുകാരണം വില്പനക്കാരുടെ കൈവശം എപ്പോഴും ഈ അളവില്‍ താഴെ മാത്രമെ കഞ്ചാവ് കാണൂ. മത്രമല്ല ചെറിയ പൊതികളാക്കി കൊണ്ടുനടക്കുന്നതു മൂലം ഇത് എവിടെ വേണമെങ്കിലും വലിച്ചെറിഞ്ഞു രക്ഷപ്പെടാനുമാവും. ചില പെട്ടികടകളില്‍ ബീഡി രൂപത്തില്‍ കഞ്ചാവ് വില്പന നടത്തുന്നുണ്ട്.
പരിശോധന ശക്തമാക്കണം
മയക്കുമരുന്നുമായി ബന്ധപ്പെട്ടു ക്രിമിനൽ ഇടപാടുകളും സജീവമാണ്. എക്സൈസോ പോലിസോ എത്തിയാൽ മുൻകൂട്ടി വിൽപനക്കാരെ അറിയിക്കാനുള്ള സംവിധാനവും ഇത്തരം ഗ്രൂപ്പുകാർക്കുണ്ട്.
കഴിഞ്ഞ ദിവസം എംഡിഎംഎ മയക്കുമരുന്നുമായി രണ്ടു യുവാക്കളെ മാന്നാർ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ചെന്നിത്തല ഭാഗത്തു വാടക വീട്ടിൽനിന്ന് ഒരു കിലോയിലധികം കഞ്ചാവ് മാന്നാർ പോലീസ് പിടികൂടി.
മുൻ കാലങ്ങളിൽ ഓണവിപണി ലക്ഷ്യമിട്ടു വ്യാജമദ്യമായിരുന്നു ശേഖരിച്ചിരുന്നതെങ്കിൽ ഇപ്പോൾ വിവിധ തരത്തിലുള്ള മയക്കുമരുന്നുകളിലേക്കു മാറിയിരിക്കുകയാണ്.