ഏഷ്യൻ സ്പ്രിന്റ് റാണി എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന ഫിലിപ്പീൻസ് അത്ലറ്റ് ലിഡിയ ഡി വേഗ (57) അന്തരിച്ചു.
ട്രാക്കിൽ പി.ടി. ഉഷയുടെ ശക്തമായ എതിരാളിയും കളത്തിനു പുറത്ത് അടുത്ത കൂട്ടുകാരിയുമായിരുന്നു.
1980കളിൽ ട്രാക്കുകളെ ആവേശം കൊള്ളിച്ച തീപ്പൊരി പോരാട്ടമായിരുന്നു ഉഷ x ലിഡിയ മത്സരങ്ങൾ.
ഏഷ്യൻ അത്ലറ്റിക്സ് ചരിത്രത്തിലെ എക്കാലത്തെയും വീറുറ്റ പോരാട്ടങ്ങളിലൊന്നായിരുന്നു ഇവരുടെ ഏറ്റുമുട്ടൽ.
അർബുദത്തോടു പൊരുതിയാണു ലിഡിയ ജീവിതത്തിന്റെ ട്രാക്കിൽനിന്നു വിടപറഞ്ഞത്.
ഉറ്റ സുഹൃത്തിന്റെ മരണത്തിൽ പി.ടി. ഉഷ ദുഃഖം പങ്കുവച്ചു. ബുധനാഴ്ച രാത്രിയായിരുന്നു അന്ത്യം. മകൾ സ്റ്റെഫാനി ഡി കോയനിഗ്സ് വാർടർ ആണു മരണവിവരം ട്വിറ്ററിലൂടെ പങ്കുവച്ചത്.
1980കളിൽ 100, 200 മീറ്ററുകളിലാണ് ഉഷയും ലിഡിയയും നേർക്കുനേർ മത്സരിച്ചത്. 200 മീറ്ററിൽ ഉഷയ്ക്കുതന്നെയായിരുന്നു ആധിപത്യം. 100 മീറ്ററിൽ ഉഷയ്ക്കു വെല്ലുവിളി ഉയർത്താൻ ലിഡിയക്കു കഴിഞ്ഞു.
1982ൽ ഡൽഹി ഏഷ്യാഡിൽ 100 മീറ്ററിൽ ഉഷയെ തോൽപിച്ച് ലിഡിയ സ്വർണം നേടി. കായിക താരമാകുന്നതിനു മുന്പ് വെള്ളിത്തിരയിലും ലിഡിയ പ്രത്യക്ഷപ്പെട്ടിരുന്നു.
ട്രാക്കിനോടു വിടപറഞ്ഞശേഷം പരിശീലകയുടെ കുപ്പായവും അണിഞ്ഞു. കരിയറിൽ 15 സ്വർണ മെഡലുകൾ സ്വന്തമാക്കിയിട്ടുണ്ട് ലിഡിയ.
17-ാം വയസിലാണു ഫിലിപ്പീൻസിന്റെ വേഗറാണിയായി ലിഡിയ മാറിയത്. ഏഷ്യൻ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പുകളിൽ നാലു സ്വർണവും മൂന്നു വെള്ളിയും മൂന്ന് വെങ്കലവും സ്വന്തമാക്കി.
ഏഷ്യൻ ഗെയിംസിൽ രണ്ടു സ്വർണവും ഒരു വെള്ളിയും ദക്ഷിണേഷ്യൻ ഗെയിംസിൽ ഒന്പത് സ്വർണവും രണ്ട് വെള്ളിയും നേടി.
1983, 1987 സൗത്ത് ഈസ്റ്റ് ഏഷ്യൻ ഗെയിംസിൽ 200 മീറ്ററിലും 1987, 1991, 1993 വർഷങ്ങളിൽ 100 മീറ്ററിലും ലിഡിയ ആയിരുന്നു ജേതാവ്.
1987ലെ ഏഷ്യൻ ഗെയിംസ് 100 മീറ്ററിൽ ലിഡിയ കുറിച്ച 11.28 സെക്കൻഡ് എന്ന റിക്കാർഡ് ഇതുവരെ ഭേദിക്കപ്പെട്ടിട്ടില്ല.
4×400 മീറ്റർ റിലേയിലും ലോംഗ്ജംപിലും ലിഡിയ മത്സരിച്ചിട്ടുണ്ട്. 1987ൽ ജക്കാർത്തയിൽവച്ച് നടന്ന ദക്ഷിണേഷ്യൻ ഗെയിംസിൽ ലോംഗ്ജംപിൽ സ്വർണം നേടി.
1984, 1988 ഒളിന്പിക്സുകളിലും പങ്കെടുത്തു. 1994ൽ മത്സരരംഗത്തുനിന്നു വിരമിച്ചു.