തൃക്കൊടിത്താനം: യൂത്ത് കോണ്ഗ്രസ് നേതാക്കളെ സിപിഎം പഞ്ചായത്തംഗം വീട്ടിൽ കയറി അക്രമിച്ചതായി പരാതി.
തൃക്കൊടിത്താനം സ്വദേശികളായ യൂത്ത് കോണ്ഗ്രസ് ജില്ലാ സെക്രട്ടറി മനുകുമാർ(28), ബ്ലോക്ക് സെക്രട്ടറി ആന്റോ ആന്റണി(30) എന്നിവർക്കാണ് അക്രമത്തിൽ പരിക്കേറ്റത്.
ഇന്നലെ രാത്രി 11.30ന് തൃക്കൊടിത്താനം മണികണ്ഠവയലിലുള്ള മനുകുമാറിന്റെ വീട്ടിലാണ് സംഭവം. സിപിഎം പഞ്ചായത്തംഗമായ ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമത്തിനു പിന്നിലെന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന മനുകുമാറും ആന്റോയും പറഞ്ഞു. തൃക്കൊടിത്താനം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സിപിഎമ്മിന് ആധിപത്യമുള്ള മണികണ്ഠവയലിൽ യൂത്ത് കോണ്ഗ്രസ് യൂണിറ്റ് സ്ഥാപിച്ചതുമായി തർക്കം നിലനിന്നിരുന്നു.
മണികണ്ഠവയലിൽ മരിച്ച യുവാവിന്റെ സംസ്കാര ചടങ്ങുമായി ബന്ധപ്പെട്ട് യൂത്ത് കോണ്ഗ്രസ് പ്രവർത്തകരും സിപിഎം പ്രവർത്തകരുമായി വാക്കുതർക്കമുണ്ടായി.
ഇതേതുടർന്നുള്ള പ്രശ്നങ്ങളാണ് അക്രമത്തിലെത്തിച്ചത്. രാത്രി 11.30ന് മനുകുമാറിന്റെ വീട്ടിലേക്കു കടന്നുചെന്ന പഞ്ചായത്തംഗം ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം തങ്ങളെ അതിക്രൂരമായി മർദിച്ചതായി യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ പറഞ്ഞു.
ഈ ഭാഗത്ത് മതിൽ നിർമിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് പ്രശ്നത്തിനു കാരണമെന്നും യൂത്ത് കോണ്ഗ്രസ് നേതാക്കളുടേയും പഞ്ചായത്തംഗത്തിന്റെയും പേരിൽ കേസെടുത്തതായും തൃക്കൊടിത്താനം പോലീസ് പറഞ്ഞു.